ഭൂമിയിൽ ഒരു മനുഷ്യന് മരണം സംഭവിച്ചാൽ അയാളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് നമുക്കറിയാം. എന്നാൽ ബഹിരാകാശ നിലയത്തിൽ വെച്ച് മരണപ്പെടുന്ന ഒരാൾക്ക് എന്താകും സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? സുപ്രധാനമായ ദൗത്യത്തിനിടയിൽ തങ്ങളുടെ സഹപ്രവർത്തകർ മരണപ്പെടുന്നത് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ നാസയ്ക്ക് പ്രത്യേകം ചില നിയമങ്ങളുണ്ട്.
ഓക്സിജന്റെ അഭാവം, സൂര്യന്റെ ശക്തമായ ചൂട് മൂലമുണ്ടാകുന്ന പൊള്ളൽ, സ്പേസ്ഷിപ്പ് തകരാർ മൂലം ബഹിരാകാശത്ത് അകപ്പെടുക, ശക്തമായ തണുപ്പിൽ തണുത്തുറയുക, ചെറു ഉൽക്കകളാലുണ്ടാകുന്ന അപകടം തുടങ്ങിയവ ബഹിരാകാശ യാത്രികരുടെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങളാണ്. ബഹിരാകാശ യാത്രകൾക്ക് മുൻപ് ഡെത്ത് സിമുലേഷൻസ് എന്ന പരിശീലനം നാസ നൽകുന്നതായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ മുൻ കമാൻഡർ ക്രിസ് ഹാഡ്ഫീൽഡ് പറയുന്നുണ്ട്.
സാന്ദർഭികമായ ഒരു സാഹചര്യത്തെ അവതരിപ്പിക്കുന്ന രീതിയാണ് ഡെത്ത് സിമുലേഷൻസ് അഥവാ ഡെത്ത് സിംസ്. ബഹിരാകാശ യാത്രികൻ മരിച്ചതായി അറിയിക്കുകയും ഇതിനോട് സഹപ്രവർത്തകരും, നാസ അധികൃതരും, കുടുംബവും, ഡോക്ടർമാരും ഉൾപ്പെടുന്ന സംഘത്തിന്റെ പ്രതികരണവുമാണ് ഡെത്ത് സിംസ് ട്രെയിനിങ്. ബഹിരാകാശത്ത് വെച്ച് ബഹിരാകാശ യാത്രികരിൽ ഒരാൾ മരണപ്പെട്ടാൽ എടുക്കേണ്ട നടപടികളെ കുറിച്ചുള്ള ധാരണയുണ്ടാക്കാനും മാനസികമായി സന്ദർഭത്തെ നേരിടാൻ സജ്ജമാക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ബഹിരാകാശത്ത് മരണപ്പെട്ടാൽ..?
ചന്ദ്രനിൽ വെച്ചാണ് ബഹിരാകാശ യാത്രികൻ മരണപ്പെടുന്നതെങ്കിൽ ആ വ്യക്തിയുടെ മൃതദേഹം തിരികെ ഭൂമിയിൽ എത്തിക്കാൻ സാധിക്കും. ഇതിന് വ്യക്തമായ നിരവധി പ്രോട്ടോക്കോളുകളും നാസയ്ക്കുണ്ട്. മൃതദേഹം തിരികെയെത്തിക്കാൻ സാധിക്കുമെന്നതിനാൽ മരണകാരണം കണ്ടെത്തി മറ്റ് യാത്രികരെ സുരക്ഷിതരായി തിരികെയെത്തിക്കുകയാണ് നാസയെ സംബന്ധിച്ച് പ്രധാനം.
ചൊവ്വയിലേക്കുള്ള യാത്രയ്ക്കിടെയാണ് യാത്രികൻ മരണപ്പെടുന്നതെങ്കിൽ മൃതദേഹം തിരികെയെത്തിക്കുക അസാധ്യമാണ്. അതായത് യാത്ര പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മൃതദേഹം നാട്ടിലെത്തുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ പേടകത്തിൽ പ്രത്യേകമായി നിർമിച്ച അറയിലോ ബോഡി ബാഗിലോ ആയിരിക്കും മൃതദേഹം സൂക്ഷിക്കുക. ബഹിരാകാശ പേടകത്തിനുള്ളിലെ താപനില മൃതദേഹം അഴുകുന്നതിൽ നിന്ന് തടയും. സ്പേസ് വാക്കിനിടെയാണ് മരണം സംഭവിച്ചതെങ്കിൽ എയർലോക്കിലെത്തിക്കുകയാണ് മറ്റ് സഹയാത്രികരുടെ പ്രധാന ദൗത്യം. ശേഷം ബോഡി ബാഗിൽ സൂക്ഷിക്കണം.
Content Highlight: What happens to an astronaut's body after he dies at space