കാര്‍ അപകടത്തില്‍പ്പെട്ട് നീന്തല്‍കുളത്തില്‍ വീണയാളെ ആപ്പിള്‍ വാച്ച് രക്ഷപെടുത്തുകയോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ട് അല്ലേ? എന്നാല്‍ സംഗതി സത്യമാണ്. ആപ്പിള്‍ വാച്ച് ഹീറോയാണ് ഹീറോ.
സംഭവം ഇങ്ങനെയാണ്. 55 കാരനായ ബ്രെന്റ് ഹില്‍ ഡിസംബര്‍ 16ന് വീട്ടിലേക്ക് കാര്‍ ഓടിച്ച് പോകുന്നതിനിടയില്‍ പെട്ടെന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിമിഷങ്ങള്‍ക്കകം തന്നെ അയാള്‍ക്ക് ബോധം നഷ്ടപ്പെടുകയും ചെയതു. ബ്രെന്റ് ഹില്ലിന്റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍നിന്ന് തെന്നിമാറി ഒരു ഗ്യാരേജില്‍ ഇടിച്ച് അയല്‍വാസിയുടെ നീന്തല്‍കുളത്തിലേക്ക് വീഴുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ ചുറ്റുപാടുകള്‍ പോലും മനസിലാക്കാന്‍ കഴിയാതെ അയാള്‍ക്കു ചുറ്റും വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്.
പക്ഷേ ബോധം വീണ്ടെടുത്തപ്പോള്‍ മരണാനന്തര ജീവിതത്തില്‍നിന്നുളള ശബ്ദംപോലെ ഒരു ശബ്ദം താന്‍ കേള്‍ക്കാനിടയായെന്നും അത് ആപ്പിള്‍ വാച്ചിന്റെ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചറായിരുന്നുവെന്നും ഹില്‍ ഓര്‍ത്തെടുത്തു. ആപ്പിള്‍ വാച്ച് ശബ്ദം പുറപ്പെടുവിക്കുകയും അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെടുകയും എമര്‍ജന്‍സി റെസ്‌പോണ്ടര്‍മാര്‍ ഉടന്‍ എത്തി ഹില്ലിനെ രക്ഷിക്കുകയുമായിരുന്നു.
ആപ്പിള്‍ വാച്ച് ഇല്ലായിരുന്നുവെങ്കില്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ഹില്‍ വിശ്വസിക്കുന്നു. സാങ്കേതിക വിദ്യയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതകള്‍ തന്റെ അനുഭവം മനസിലാക്കിത്തന്നു എന്നും സ്മാര്‍ട്ട് ഉപകരണങ്ങളുടെ യഥാര്‍ത്ഥ മൂല്യം അടിവരയിട്ട് ഉറപ്പിക്കേണ്ട കാര്യമാണെന്നും ഹില്‍ പ്രതികരിച്ചു.
Content Highlights : Apple Watch saved the life of a 55-year-old man who was stuck in a swimming pool