സുരക്ഷ ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ തന്നെ വികസിപ്പിച്ച സ്മാര്‍ട്ട് ഫോണായ 'സംഭവ്' കൂടുതല്‍ സൈനിക ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഈ ഫോണുകള്‍ കൂടുതല്‍ സൈനികര്‍ക്ക് വിതരണം ചെയ്തത്. സുരക്ഷിതമായ ആശയവിനിമയത്തിൻ്റെ ഭാഗമായി ഇതുവരെ 30,000 സൈനിക ഉദ്യോഗസ്ഥര്‍ക്ക് സംഭവ് സ്മാര്‍ട്ട് ഫോണുകള്‍ ലഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2024 ഒക്ടോബറില്‍ ചൈനയുമായി നടന്ന ചര്‍ച്ചയ്ക്കിടെ സൈന്യം സംഭവ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചിരുന്നു.
എന്താണ് സംഭവ് സ്മാര്‍ട്ട് ഫോണ്‍?
സൈന്യത്തിനകത്തെ ആശയവിനിമയം സുരക്ഷിതമാക്കുന്നതിനും സുപ്രധാന വിവരങ്ങള്‍ ചോരുന്നത് തടയാനുമാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വികസിപ്പിച്ചത്. ഇന്ത്യന്‍ ആര്‍മിയാണ് 'സംഭവ്' സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിച്ചത്. പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായും പങ്കാളിത്തത്തോടെയാണ് ഇന്ത്യന്‍ സൈന്യം സംഭവ് വികസിപ്പിച്ചത്. പൂര്‍ണ്ണമായും എന്‍ക്രിപ്റ്റ് ചെയത ഫോണാണ് സംഭവ്. 5ജി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഫോണിലുണ്ട്. ഇത് എന്‍ഡ്-ടു-എന്‍ഡ് സുരക്ഷിത എക്കോസിസ്റ്റം നല്‍കുന്നു. സംഭവ് എന്നത് സെക്യുര്‍ ആര്‍മി മൊബൈല്‍ ഭാരത് പതിപ്പിനെ സൂചിപ്പിക്കുന്നു.
ഈ ഫോണുകളില്‍ സൈന്യം വികസിപ്പിച്ചെടുത്ത എം-സിഗ്മ പോലുള്ള ആപ്ലിക്കേഷനുകളുണ്ട്. അത് വാട്‌സ്ആപ്പിന് തുല്യമായ ആപ്പായിട്ടാണ് കണക്കാക്കുന്നത്. ഇതിലൂടെ സന്ദേശങ്ങള്‍, രേഖകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പങ്കിടാനായി സാധിക്കും. ആപ്പ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്നാണ് വാദം. മേഖലയിലെ എല്ലാ പ്രധാന ഉദ്യോഗസ്ഥരുടേയും നമ്പറുകള്‍ ഇതിനകത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എയര്‍ടെല്‍, ജിയോ നെറ്റുവര്‍ക്കുകളിലാണ് പ്രവര്‍ത്തിക്കുക. ഇതുവഴി ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നു. തടസമില്ലാത്ത കണക്റ്റിവിറ്റി അതിര്‍ത്തി പ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളില്‍ പോലും സംഭവ് ഫോണുകള്‍ ഉറപ്പാക്കും.
Content Highlights: India Army uses SAMBHAV smartphone for secure communication