ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് കമ്പനി നൽകാൻ പോകുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ നീക്കത്തിന് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ എയർടെൽ.
മസ്‌കിന്റെ കമ്പനി ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സാറ്റലൈറ്റ് ഇന്റർനെറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എയർടെൽ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ തങ്ങളുടെ സാറ്റലൈറ്റ് ടെലികോം സേവനം ആരംഭിക്കാൻ തയ്യാറാണെന്ന് ഭാരതി എന്റർപ്രൈസസിന്റെ വൈസ് ചെയർമാൻ രാജൻ ഭാരതി മിത്തൽ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിലവിൽ ഗുജറാത്തിലും തമിഴ്‌നാട്ടിലും എയർടെൽ സാറ്റലൈറ്റ് ഇന്റർനെറ്റിന് വേണ്ടിയുള്ള ബേസ് സ്റ്റേഷനുകളുടെ ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇവയ്ക്ക് പ്രവർത്തന അനുമതി ലഭിച്ചാൽ ഇന്ത്യയിൽ സേവനം ലഭ്യമാക്കാൻ തങ്ങൾ തയ്യാറാണെന്നും രാജൻ ഭാരതി പറഞ്ഞിരുന്നു.
നിലവിൽ 635 ഉപഗ്രഹങ്ങൾ എയർടെൽ വിക്ഷേപിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര വിപണികളിൽ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദൂര പ്രദേശങ്ങളിലേക്ക് 'മാന്യമായ വിലയ്ക്ക്' സേവനങ്ങൾ നൽകാൻ തങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പവറഞ്ഞിരുന്നു. ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് കമ്പനി വരവ് അറിയിച്ചതോടെയാണ് എയർടെൽ തങ്ങളുടെ ബേസ് സ്‌റ്റേഷനുകളുടെ പ്രവർത്തനം വേഗത്തിലാക്കിയത്. നിലവിൽ സ്റ്റാർലിങ്കും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്.
നേരത്തെ ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാൻ മസ്‌കിന്റെ സ്റ്റാർലിങ്കിന് ചില നിബന്ധനകളിൽ ഇളവ് വരുത്തി ലൈസൻസ് അനുവദിക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2022 ഒക്ടോബറിലാണ് സ്റ്റാർലിങ്ക് ഗ്ലോബൽ പേഴ്‌സണസൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് ലൈസൻസിന് അപേക്ഷിച്ചത്.
തങ്ങളുടെ നിക്ഷേപകരാരും ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ചൈനയിൽ നിന്നോ പാകിസ്താനിൽ നിന്നോ ഉള്ളവരല്ലെന്ന ഡിക്ലറേഷൻ സ്റ്റാർലിങ്ക് സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാർ സ്റ്റാർലിങ്കിന്റെ ഡിക്ലറേഷൻ അംഗീകരിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് സേവനത്തിനായി ജിയോയും തയ്യാറെടുക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.
4 മില്യൺ ഉപഭോക്താക്കൾക്ക് ലോ-ലേറ്റൻസി ബ്രോഡ്ബാൻഡ് നൽകുന്നതിനായി സ്‌പേസ് എക്‌സിന്റെ യൂണിറ്റായ മസ്‌ക്കിന്റെ സ്റ്റാർലിങ്കിന്റെ 6,400 സജീവ ഉപഗ്രഹങ്ങൾ നിലവിൽ സജീവമാണ്. കുറഞ്ഞ ചെലവിൽ സ്റ്റാർലിങ്ക് നേരിട്ട് വിപണിയിലേക്ക് എത്തുമ്പോൾ ജിയോ പോലുള്ള സേവന ദാതാക്കൾക്കും തങ്ങളുടെ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വലിയ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാക്കുക. ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ഉയർന്ന ഡിമാൻഡുള്ള ഇന്ത്യയെ വലിയ വിപണിയായാണ് സ്റ്റാർലിങ്ക് കാണുന്നത്.
Content Highlights: Airtel challenges Musk's Starlink, moves to provide satellite internet before Starlink in India