'നമ്മളും സ്വന്തമായി ഉണ്ടാക്കും'; ഡീപ്‌സീക്കിന് പിന്നാലെ ഇന്ത്യ പുതിയ AI മോഡൽ ഉണ്ടാക്കുമെന്ന് അശ്വിനി വൈഷ്ണവ്

ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

dot image

ലോകം മുഴുവൻ ചൈനയുടെ പുതിയ എഐ ചാറ്റ്‌ബോട്ടായ ഡീപ്‌സീക്കിനെ കുറിച്ചാണ് സംസാരിക്കുന്നത്. അമേരിക്കയിൽ വികസിപ്പിച്ച എഐ മോഡലുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് ഡീപ്‌സീക്ക് എത്തിയത്. വിപണിയിൽ എത്തി ദിവസങ്ങൾ കൊണ്ട് തന്നെ ഓഹരിവിപണിയിൽ വൻ ഇടപെടൽ നടത്താനും കമ്പനിക്കായി. ഇതിനിടെ ഏറ്റവും കൂടുതൽ ഐടി വിദഗ്ധർ ഉള്ള ഇന്ത്യയിൽ എന്തുകൊണ്ട് തദ്ദേശിയമായ എഐ മോഡൽ ഇല്ലെന്ന ചർച്ചകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.

ചാറ്റ്ജിപിടി, ഡീപ്സീക്ക് തുടങ്ങിയ ആഗോള കമ്പനികളുടെ നിരയിൽ ചേർന്ന് ഇന്ത്യ സ്വന്തമായി ജനറേറ്റീവ് എഐ മോഡൽ വികസിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉത്കർഷ് ഒഡീഷ കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ എഐ കമ്പ്യൂട്ട് ഫെസിലിറ്റിയാണ് ഈ സംരംഭത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ എഐ ഡാറ്റ സെന്ററുകൾ സ്ഥാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ എഐ മോഡലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിജിറ്റൽ ഇക്കോ സിസ്റ്റം സ്ഥാപിക്കാനും ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ എഐ ഗവേഷണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും സജീവമായി നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'18,000 GPU-കൾ നിലവിലുണ്ട്, രാജ്യത്തിന്റെ തനതായ ഭാഷാപരവും സാമ്പത്തികവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സ്വദേശീയ എഐ മോഡൽ നിർമ്മിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യ,' എന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതേസമയം ചൈനയുടെ ഡീപ്‌സീക്ക് പുറത്തുവന്നതോടെ എഐ രംഗത്ത് മത്സരം ശക്തമാവുകയാണ്. ഓപ്പൺ എഐ, ജെമിനി, മെറ്റ എഐ, ഗ്രോക്ക് തുടങ്ങിയ വമ്പൻ എഐ ചാറ്റ് ബോട്ടുകൾക്കിടയിലേക്കാണ് ചൈനയിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഡീപ്സീക്ക് എത്തിയത്.

ഡീപ്സീക്കിന്റെ വളർച്ചയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയിലെ ഉൾപ്പടെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. അമേരിക്കയിൽ പോലും ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന സൗജന്യ ആപ്ലിക്കേഷനായി ഡീപ്സീക്ക് മാറിയെന്നും കണക്കുകൾ പുറത്തുവന്നിരുന്നു. ഡീപ് സീക്കിന്റെ ഈ വളർച്ച ടെക്നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

കിഴക്കൻ ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായുള്ള ഡീപ്സീക്ക് എന്ന ഗവേഷണ ലാബ് വികസിപ്പിച്ച ഒരു നൂതന എഐ മോഡലാണ് 'ഡീപ്സീക്ക്'. ലിയാങ് വെൻഫെങ് എന്ന ഗവേഷകൻ 2023ൽ സ്ഥാപിച്ചതാണ് ഈ ലാബ്. ഡീപ്സീക്ക്-വി3 മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഓപ്പൺ സോഴ്സ് എഐ ആണ് കമ്പനി പുറത്തിറക്കിയത്.

Content Highlights: Ashwini Vaishnav says India will create a new AI model after Deepseek

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us