വാട്സ്ആപ്പിലൂടെ ഇസ്രയേൽ കമ്പനി വിവരങ്ങൾ ചോർത്തി; മാധ്യമപ്രവർത്തകരെയടക്കം ലക്ഷ്യമിട്ടു; റിപ്പോർട്ട്

'സീറോ ലിങ്ക് അറ്റാക്ക്' എന്ന രീതി ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയത്

dot image

സ്രയേലി ചാര കമ്പനിയായ പാരഗൺ സൊല്യൂഷൻസ് വാട്സ്ആപ്പിലൂടെ മാധ്യമപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. ഗ്രാഫൈറ്റ് എന്ന ചാര സോഫ്ട്‍വെയറിലൂടെ ഇസ്രയേലി കമ്പനി പാരഗൺ സൊല്യൂഷൻസ് ചാരപ്രവൃത്തി നടത്തിയതെന്ന് വാട്സാപ്പിനെ ഉദ്ധരിച്ച് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു.

സാധാരണ ചാരപ്രവൃത്തി പോലെയല്ലാതെ, 'സീറോ ലിങ്ക് അറ്റാക്ക്' എന്ന രീതി ഉപയോഗിച്ചാണ് കമ്പനി തങ്ങൾ ലക്ഷ്യമിട്ടവരുടെ വിവരങ്ങൾ ചോർത്തുന്നത്. ഇത്തരത്തിൽ ലക്ഷ്യമിടപ്പെട്ട, മാധ്യമ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും അടക്കമുള്ള 90 പേരെ തങ്ങൾ കണ്ടെത്തിയെന്ന് വാട്സ്ആപ്പ് പറയുന്നു. ബാധിക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ഹാക്ക് ചെയ്യപ്പെട്ട സമയം തുടങ്ങി എല്ലാ വിവരങ്ങളും തങ്ങളുടെ കയ്യിൽ ഉള്ളതായും വാട്സ്ആപ്പ് പറയുന്നുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് പാരഗൺ സൊല്യൂഷൻസിന് തങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

നേരത്തെ വാർത്തകളിൽ നിറഞ്ഞ പെഗാസസ് ചാര സോഫ്ട്‍വെയർ പോലെയുള്ള മറ്റൊരു സോഫ്ട്‍വെയറാണ് ഗ്രാഫൈറ്റ്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്‌താൽ, ഫോൺ ഉടമയുടെ അനുമതിയില്ലാതെതന്നെ, ഫോണിലെ എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഈ സോഫ്ട്‍വെയറിന് കഴിയും. ആരാണ് വിവരങ്ങൾ ചോർത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ ഒരിക്കലും ആരും അറിയുകയുമില്ല. നിരവധി രാജ്യങ്ങൾ നിലവിൽ ഗ്രാഫൈറ്റ് ഉപയോഗിച്ചുവരുന്നുണ്ട്.

ഡിസംബറിലാണ് ഇത്തരത്തിൽ ഒട്ടേറെ മാധ്യമ പ്രവർത്തകരുടെയും സാമൂഹികപ്രവർത്തകരുടെയും വിവരങ്ങൾ ചോർത്തപ്പെട്ടതെന്ന് വാട്സ്ആപ്പ് പറയുന്നു. ഭാവിയിൽ ഇത്തരത്തിൽ വീഴ്ചകൾ ഉണ്ടാകാതെയിരിക്കാനായി അപ്ലിക്കേഷനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വാട്സ്ആപ്പ് പറഞ്ഞിട്ടുണ്ട്.

Content Highlights: Israeli spyware targeting whatsapp

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us