AI രംഗത്തെ പരീക്ഷണങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും ദിനം പ്രതി കുതിച്ചുപായുകയാണ്. ചാറ്റ് ബോട്ടുകളായും ടൂളുകളായും നിരവധി AI ഫീച്ചറുകളും പ്രൊഡക്ടുകളും ഇന്ന് നിലവിൽ ഉണ്ട്. ഗുഗിൾ അടക്കമുള്ള കമ്പനികൾ AI രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്കായി കോടികളാണ് മുതൽ മുടക്കുന്നത്.
ഇപ്പോഴിതാ പുതിയ AI ടൂളുമായി എത്തിയിരിക്കുകയാണ് ടിക് ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ്. ഓമ്നിഹ്യൂമൻ-1 എന്ന പേരിലാണ് പുതിയ ടൂൾ ബൈറ്റ്ഡാൻസ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഫോട്ടോ മാത്രം ഉപയോഗിച്ച് ആളുകൾ സംസാരിക്കുന്നതിന്റെയും സംഗീത ഉപകരണങ്ങൾ വായിക്കുന്നതിന്റെയും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെയും വീഡിയോ ശബ്ദമടക്കം ഉപയോഗിച്ച് നിർമിക്കാനാവും. ആളുകളുടെ ശബ്ദത്തിന്റെ സാമ്പിളുകൾ കൊടുത്താൽ ആ ശബ്ദത്തിന് അനുസരിച്ചുള്ള ശാരീരിക ചലനങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് AI ടൂൾ വീഡിയോ നിർമിക്കുന്നത്.
ഏത് തരം ചിത്രങ്ങളിൽ നിന്നും ഇത്തരത്തിൽ വീഡിയോ നിർമിക്കാൻ സാധിക്കുമെന്നാണ് ബൈറ്റ്ഡാൻസ് പറയുന്നത്. മറ്റ് AI ടൂളുകളെക്കാൾ അഡ്വാൻസ്ഡ് ആണ് ഓമ്‌നിഹ്യൂമൻ-1 വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആംഗ്യങ്ങളും ശബ്ദവ്യത്യാസങ്ങളും വീഡിയോയിൽ ഉൾപ്പെടുത്താൻ ഓമ്‌നിഹ്യൂമന് കഴിയും.
18,700 മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോകളാണ് പുതിയ AI ടൂളിനെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചത്. ടെക്സ്റ്റ്, ഓഡിയോ, ഫിസിക്കൽ പോസുകൾ പോലെ നിരവധി ഇൻപുട്ടുകളും ഈ ടൂളുകൾക്ക് നൽകിയിരുന്നു. ഇമേജ്-ടു-വീഡിയോ ജനറേറ്റർ ആയ ആദ്യത്തെ AI ടൂൾ ഓമ്നിഹ്യൂമൻ-1 അല്ലെങ്കിലും ടിക് ടോക്കിൽ നിന്നുള്ള നിരവധി വീഡിയോകളിൽ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ഉണ്ട്.
Content Highlights: TikTok maker ByteDance New AI Tool OmniHuman-1make videos from a photo