![search icon](https://www.reporterlive.com/assets/images/icons/search.png)
ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാനുമായുള്ള കൊമ്പുകോര്‍ത്ത് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിക്ഷേപകര്‍ ഓപ്പണ്‍ എഐ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതാണ് ആള്‍ട്ട്മാനെ പ്രകോപിപ്പിച്ചത്. 97.4 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള സംഘം വാഗ്ദാനം ചെയ്തത്. വാഗ്ദാനം പരസ്യമായി നിഷേധിച്ച ആള്‍ട്മാന്‍ എക്‌സ് പ്ലാറ്റ്‌ഫോം വാങ്ങാന്‍ താന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു.
'വേണ്ട, നന്ദി. നിങ്ങളാഗ്രഹിക്കുകയാണെങ്കില്‍ 9.74 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഞങ്ങള്‍ വാങ്ങാം.' എന്നായിരുന്നു ആള്‍ട്മാന്റെ പോസ്റ്റ്. ഇതിനുള്ള മസ്‌കിന്റെ മറുപടി 'സ്വിന്‍ഡ്‌ലര്‍'(വഞ്ചകന്‍) എന്നുമാത്രമായിരുന്നു. മസ്‌ക് ചാറ്റ്ജിപിടി നിര്‍മ്മാതാവിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ലാഭേച്ഛയില്ലാത്ത ഗവേഷണ ലാബായി അതിന്റെ യഥാര്‍ത്ഥ ധാര്‍മിക ദൗത്യത്തിലേക്ക് മാറ്റാനും ആഗ്രഹിക്കുന്നതായി മസ്‌ക്കിന്റെ അഭിഭാഷകന്‍ മാര്‍ക്ക് ടോബെറോഫ് പറഞ്ഞു.
2015-ല്‍ ഓപ്പണ്‍ എഐ തുടങ്ങുന്നതിനായി പരസ്പരം സഹകരിച്ചുകൊണ്ടാണ് മസ്‌കും ആള്‍ട്മാനും മുന്നോട്ടു നീങ്ങിയത്. എന്നാല്‍ പിന്നീട് ഇതാര് നയിക്കും എന്നതിലേക്ക് മത്സരം കടുത്തു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2018ലാണ് ബോര്‍ഡില്‍ നിന്ന് മസ്‌ക് രാജിവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിക്കെതിരെ മസ്‌ക് കേസുനല്‍കിയിരുന്നു. കമ്പനി അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായി ആരോപിച്ചായിരുന്നു കേസ്. ചാറ്റ് ജിപിടിയുടെ ആകസ്മിക വിജയം ഓപ്പണ്‍ എഐക്ക് ലോകപ്രശസ്തി നേടിക്കൊടുത്തു.
Content Highlights: Sam Altman Rejects Elon Musk's $97.4 Billion Offer To Buy OpenAI