സ്‌ട്രോക്ക് വന്ന് ബാത്‌റൂമില്‍ വീണു, മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍… 70-കാരന്റെ ജീവന്‍ രക്ഷിച്ചത് 'സിരി'

ഒറ്റയ്ക്ക് താമസിക്കുന്ന ഡാനിയല്‍ ശുചിമുറിയിലാണ് പക്ഷാഘാതം മൂലം തളര്‍ന്ന് വീണത്

dot image

'സിരി' ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നാണ് ഫ്‌ളോറിഡ സ്വദേശിയായ ഡാനിയല്‍ വാലെയിര്‍ പറയുന്നത്. പക്ഷാഘാതം വന്ന് ബാത്‌റൂമില്‍ വീണ് അനങ്ങാന്‍ പോലുമാകാതെ കിടന്നപ്പോള്‍ ആപ്പിള്‍ വോയ്‌സ് അസിസ്റ്റന്റ് സേവനമായ സിരി ഉപയോഗിച്ചാണ് ഡാനിയല്‍ രക്ഷപ്പെട്ടത്.

ഒറ്റയ്ക്ക് താമസിക്കുന്ന ഡാനിയല്‍ ശുചിമുറിയിലാണ് പക്ഷാഘാതം മൂലം തളര്‍ന്ന് വീണത്. അനങ്ങാന്‍ പോലും സാധിക്കാതെ ഡാനിയല്‍ മണിക്കൂറുകള്‍ ബാത്‌റൂം തറയില്‍ കിടന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരങ്ങി ബാത്‌റൂമിന് പുറത്തെത്താന്‍ ഡാനിയല്‍ ശ്രമിച്ചു, ഒടുവില്‍ മണിക്കൂറുകളെടുത്ത് നിരങ്ങി ലിവിങ് റൂമിലെത്താന്‍ സാധിച്ചു. എന്നാല്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല. ഒടുവില്‍ ആപ്പിള്‍ ഫോണിന്റെ വോയിസ് അസിസ്റ്റായ സിരി ഉപയോഗിച്ച് അദ്ദേഹം മകളുമായി ബന്ധപ്പെടുകയായിരുന്നു. മകള്‍ ഉടന്‍ തന്നെ അടിയന്തരസേവന നമ്പറായ 911ല്‍ വിളിച്ച് വിവരം പറയുകയും രക്ഷാപ്രവര്‍ത്തകരെത്തി ഡാനിയേലിനെ രക്ഷിക്കുകയുമായിരുന്നു.

'സിരി ഇല്ലായിരുന്നെങ്കില്‍ എനിക്ക് രക്ഷപ്പെടാനാകുമായിരുന്നില്ല, ഇന്ന് ഞാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വീട്ടില്‍ ഒരു ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ആയിരുന്നെങ്കില്‍ ആ നിമിഷങ്ങളെ ഞാന്‍ എങ്ങനെ മറികടക്കുമായിരുന്നു എന്നറിയില്ല', ഡാനിയേല്‍ പ്രതികരിച്ചു. ബ്രോവാര്‍ഡ് ഹെല്‍ത്ത് ആണ് ഡാനിയേലിന്റെ അനുഭവം വിവരിക്കുന്ന വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവത്തെ കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ രക്ഷിക്കാനെത്തിയ മെഡിക്കല്‍ സംഘത്തെ കഴിഞ്ഞ ആഴ്ച ഡാനിയല്‍ സന്ദര്‍ശിച്ചിരുന്നു.

Content Highlights: Siri saves life of Apple user after he was left immobile in bathroom

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us