
ഇന്ത്യൻ ഓൺലൈൻ സ്ട്രീമിങ് മേഖലയിൽ കടുത്ത മത്സരമുയർത്താൻ ജിയോ ഹോട്സ്റ്റാർ എത്തി. വാലന്റൈൻസ് ദിനമായ ഇന്ന് മുതൽ പ്ലാറ്റ്ഫോം സ്ട്രീമിങ് ആരംഭിച്ചു.
സ്റ്റാർ ഇന്ത്യ-വയാകോം 18 തുടങ്ങിയ കമ്പനികളുടെ ലയനത്തിന് പിന്നാലെയാണ് ജിയോ ഹോട്സ്റ്റാർ ആരംഭിച്ചത്. നിലവിൽ ഹോളിവുഡ് സിനിമകൾ ഒഴികെ ബാക്കി എല്ലാ കണ്ടന്റുകളും ഉപയോക്താക്കൾക്ക് സൗജന്യമായി കാണാം. പുതിയ പ്ലാറ്റ്ഫോമിന്റെ സിഇഒ ആയ കിരൺ മാണിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ വരും മാസങ്ങളിൽ ഡിസ്‌നി ഹോട്സ്റ്റാറിന് ഉണ്ടായിരുന്നതിന് സമാനമായുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ജിയോ ഹോട്സ്റ്റാറിന് ഉണ്ടായേക്കും.
ജിയോ സിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവരെ, നിലവിലുള്ള പ്ലാൻ കാലാവധി കഴിയുന്നതുവരെ ജിയോ ഹോട്സ്റ്റാറിലേക്ക് മാറ്റും. പ്ലാറ്റ്ഫോമിന്റെ ഒറിജിനൽ കണ്ടന്റിന് പുറമെ, എൻബിസി യൂണിവേഴ്സൽ പീകോക്ക്, വാർണർ ബ്രോസ്, ഡിസ്കവറി, എച്ച്ബിഓ, പാരമൗണ്ട് തുടങ്ങിയവരുടെയും കണ്ടന്റുകൾ പ്ലാറ്റ്‌ഫോമിൽ ഉണ്ടാകും.
ഐപിഎൽ, വിമൻസ് പ്രീമിയർ ലീഗ്, ഐസിസി ഇവന്റുകൾ തുടങ്ങിയവയും ജിയോ ഹോട്സ്റ്റാറിൽ ഉണ്ടാകും. ഇവയ്ക്ക് പുറമെ, പ്രീമിയർ ലീഗ്, വിമ്പിൾഡൺ, പ്രൊ കബഡി തുടങ്ങിയവയും കാണാൻ സാധിക്കും.
Content Highlights: Jio Hotstar started streaming