
ഇന്തോനേഷ്യയിലെ ഐഫോൺ നിരോധനം മറികടക്കാൻ ഒടുവിൽ ഒത്തുതീർപ്പ് ഫോർമുല കണ്ടെത്തി ആപ്പിൾ. രാജ്യത്ത് ഐഫോൺ നിർമാണത്തിനായി പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടുകൊണ്ടാണ് ആപ്പിൾ നിരോധനം മറികടക്കാൻ ലക്ഷ്യമിടുന്നത്. ഇതിനായി വിതരണക്കാരോട് പ്ലാന്റ് സ്ഥാപിക്കുന്നതിലെ സാധ്യതകൾ ആപ്പിൾ തേടിയിരിക്കുകയാണ്.
ഒക്ടോബറിലായിരുന്നു ആപ്പിൾ ഐഫോൺ 16ന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ലോഞ്ചിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ നിരോധനം ഉണ്ടായത്. മികച്ച വിൽപ്പനയുമായി മുന്നേറികൊണ്ടിരിക്കെ ഉണ്ടായ ഈ നിരോധനം ആപ്പിളിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു.
നിക്ഷേപിക്കാമെന്ന് പറഞ്ഞ തുക നിക്ഷേപിച്ചില്ല എന്ന കാരണം കൊണ്ടാണ് ഇന്തോനേഷ്യൻ സർക്കാർ ആപ്പിളിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. 1.71 ട്രില്യൺ രൂപ നിക്ഷേപമായിരുന്നു ആപ്പിൾ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ 1.48 ട്രില്യൺ മാത്രമേ അവർക്ക് കൊണ്ടുവരാനായുള്ളൂ. തുടർന്ന് സർക്കാർ ഇടയുകയായിരുന്നു.
പറഞ്ഞ വാക്ക് പാലിക്കാതെ ഐഫോൺ 16ന് പെർമിറ്റ് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു സർക്കാർ. ഏതൊരു ഉത്‌പന്നത്തിന്റെയും നിർമാണകാലയളവിൽ, അവയുടെ 40% എങ്കിലും തദ്ദേശീയമായി നിർമിച്ചതാകണമെന്ന ഒരു ചട്ടം ഇന്തോനേഷ്യയിലുണ്ട്. സർക്കാർ ഇത് സ്ഥിരീകരിച്ച് ഉത്പന്നത്തിന് അംഗീകാരം നൽകിയാൽ മാത്രമേ രാജ്യത്ത് അവ വിൽക്കാനാകൂ. ഐഫോൺ 16ന്റെ കാര്യത്തിൽ, കമ്പനി ഇതുവരെ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ സർക്കാർ അംഗീകാരം നൽകിയിയിരുന്നില്ല.
Content Highlights: Iphone considering a manufacturing unit at indonesia