
ആപ്പിൾ മാപ്പിൽ പരസ്യം ഉൾപ്പെടുത്താനൊരുങ്ങി ആപ്പിൾ കമ്പനി. ബ്ലൂംബെർഗ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഹാർഡ്‌വെയറുകൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിൽ കുറവ് വന്നതോടെയാണ് ആപ്പിൾ സേവനങ്ങളിലൂടെ കൂടുതൽ വരുമാനം നേടാനുള്ള പദ്ധതി ആപ്പിൾ തയ്യാറാക്കിയത്.
ഗൂഗിൾ മാപ്പിന് സമാനമായി ആപ്പിൾ മാപ്പിൽ പരസ്യങ്ങളും കാണിക്കാനാണ് കമ്പനിയുടെ നീക്കം. ഉടമകൾക്ക് ഇനി മുതൽ ആപ്പിളിന് പണം നൽകിയാൽ മാപ്പിൽ തങ്ങളുടെ ബിസിനസ് സംരംഭങ്ങളെ ഹൈലൈറ്റ് ചെയ്യാൻ സാധിക്കും. ആപ്പിളിന്റെ ബോർഡ് മീറ്റിങിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഇത്തരത്തിൽ പണം കൊടുത്ത് പ്രെമോട്ട് ചെയ്യുന്ന സ്ഥലങ്ങളെ 'സ്‌പോൺസേർഡ്' കാണിക്കുകയും ചെയ്യു. ഇതിലൂടെ ആപ്പിളിന് കൂടുതൽ വരുമാനം ഉണ്ടാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ആപ്പിളിന്റെ ഹാർഡ്‌വെയർ വിൽപ്പനയിൽ ലാഭം ലഭിക്കുന്നുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ലാഭ ശതമാനം കുറഞ്ഞിരുന്നു. ഇതോടെയാണ് സബ്‌സ്‌ക്രിപ്ഷനിലൂടെയും മറ്റും വരുമാനം വർധിപ്പിക്കാൻ ആപ്പിൾ തീരുമാനിച്ചത്. പുതിയ തീരുമാനത്തിലൂടെ ആപ്പിൾ കമ്പനി ഇതിനോടകം 10 ബില്ല്യൺ ഡോളർ സമ്പാദിച്ചെന്നാണ് കണക്കുകൾ.
ഇതിന് പുറമെ ആപ്പിളിന്റെ എക്‌സ്‌ക്ലൂസീവ് ആപ്പുകൾ മറ്റ് സേവനദാതാക്കളുടെ ആപ്പ് സ്റ്റോറുകളിലും ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്. ആപ്പിൾ ടിവി , ആപ്പിൾ മ്യൂസിക് , ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ തുടങ്ങിയ ആപ്ലിക്കേഷനുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ കൂടി ലഭ്യമാക്കാൻ നേരത്തെ തീരുമാനമായിരുന്നു. കൂടുതൽ ആപ്പിൾ അപ്ലിക്കേഷനുകൾ പ്ലേസ്റ്റോർ അടക്കമുള്ളവയിൽ ലഭ്യമാക്കാനുള്ള സാധ്യതയുണ്ട്.
Content Highlights: Apple Maps Might Start Showing Ads