
രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കൾക്ക് 'മുട്ടൻ പണി' കൊടുക്കാനൊരുങ്ങി ബിഎസ്എൻഎൽ. തങ്ങളുടെ പുതിയ ഇന്റർനെറ്റ് പ്ലാൻ അവതരിപ്പിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ സ്വകാര്യ സേവനദാതാക്കൾക്ക് 'ഷോക്ക്' നൽകിയത്.
ദിവസവും 2ജിബി അതിവേഗ ഡാറ്റ നൽകുന്ന, 90 ദിവസം വാലിഡിറ്റിയുളള ഡാറ്റ പാക്ക് ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. വെറും 411 രൂപ മാത്രമാണ് പ്ലാനിന്റെ വില. ജിയോ പോലുള്ള സ്വകാര്യ സേവനദാതാക്കൾ 900 രൂപയ്ക്കടുത്ത് വില ഈടാക്കുമ്പോഴാണ് ബിഎസ്എൻഎൽ വെറും 411 രൂപയ്ക്ക് പ്ലാൻ നൽകുന്നത് എന്നതാണ് ശ്രദ്ധേയം.
അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനിൽ ലഭ്യമാണ്. ദിവസേന പരിധിയായ 2 ജിബി ഡാറ്റ അവസാനിച്ചാൽ, സ്പീഡ് 40 കെബിപിഎസ് ആയി കുറയും. നിലവിൽ 4ജി വിന്യാസത്തിൽ അതീവ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ബിഎസ്എൻഎൽ, ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാനുള്ള പദ്ധതികൾ സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. സ്വകാര്യ സേവനദാതാക്കൾ വലിയ തുക വാങ്ങുമ്പോൾ പൊതുമേഖലാസ്ഥാപനമായ ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ പ്ലാൻ അവതരിപ്പിക്കുന്നത് ജനങ്ങൾക്ക് ഒരുപരിധി വരെ ആശ്വാസമാകും.
നീണ്ട കാലത്തിന് ശേഷം ബിഎസ്എൻഎൽ ലാഭത്തിലായത് കഴിഞ്ഞ പാദത്തിലാണ്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദമായ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ബിഎസ്എൻഎൽ ലാഭം കൈവരിച്ചത്. 262 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.
2007ന് ശേഷം ഇതാദ്യമായാണ് സ്ഥാപനം ലാഭത്തിലാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ, ഇതേ പാദത്തിൽ കമ്പനി 1500 കോടിയോളം രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇവയടക്കം 1800 കോടി രൂപയുടെ നഷ്ടം നികത്തിയ ശേഷമാണ് ഈ ലാഭം ഉണ്ടാകുന്നത്. കമ്പനിയുടെ നിരവധി സേവനങ്ങളിലൂടെയുള്ള വരുമാനങ്ങൾ ഉയർന്നിട്ടുണ്ട്. മൊബിലിറ്റി സേവനം, ഫൈബർ ടു ദ ഹോം, ലീസ്ഡ് ലൈൻ വരുമാനം എന്നിവയെല്ലാം 15 മുതൽ 20 ശതമാനം വരെയാണ് വരുമാനം ഉയർത്തിയത്.
Content Highlights: BSNL with super 90 days offer