അറിഞ്ഞോ… ഊബര്‍ ഓട്ടോയില്‍ അടിമുടി മാറ്റം, ഇനി 'കാഷ് ഒണ്‍ലി' മാത്രം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

ഊബര്‍ ആപ്പ് യാത്രയ്ക്കുള്ള നിരക്ക് നിര്‍ദേശിക്കുക മാത്രമേ ചെയ്യൂ

dot image

ഇന്ന് ഊബര്‍ ഓട്ടോ ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലരുടെയും ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കും. 'Auto is now cash only' അതായത് ഊബര്‍ ഓട്ടോ ചാര്‍ജ് ഇനി പണമായി മാത്രമേ നല്‍കാനാകൂ എന്നായിരിക്കും ഈ നോട്ടിഫിക്കേഷന്‍. മാത്രമല്ല ഇതിന്റെ നിബന്ധനകളും കമ്പനി നല്‍കുന്നുണ്ട്. ഇന്ത്യയിലാകെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഊബര്‍. ഇന്ന് മുതലാണ് മാറ്റം.

ഊബര്‍ ഓട്ടോ ഇനി മുതല്‍, ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ യാത്രയുടെ നിരക്ക് നിശ്ചയിക്കുക ആപ്പിലൂടെ ആയിരിക്കില്ല. ഊബര്‍ ആപ്പ് യാത്രയ്ക്കുള്ള നിരക്ക് നിര്‍ദേശിക്കുക മാത്രമേ ചെയ്യൂ. ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ചര്‍ച്ചയിലൂടെയേ ഇത് അന്തിമമാകൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കാഷ് ഒണ്‍ലി മോഡില്‍ യാത്ര ചെയ്താലും യുപിഐ വഴി നേരിട്ട് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയച്ച് നല്‍കാന്‍ സാധിക്കും.

റൈഡുകളുടെ കൃത്യമായ നിര്‍വഹണം, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല. മാത്രമല്ല ഡ്രൈവര്‍ റൈഡ് റദ്ദാക്കുകയോ, റൈഡിന് വിസമ്മതിക്കുകയോ ചെയ്താല്‍ ഇതിന് കമ്പനി ബാധ്യസ്ഥരായിക്കില്ലെന്നും നിബന്ധനകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഊബര്‍ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചിരുന്നു. ചെന്നൈ, കൊച്ചി, വിശാഖപട്ടണം തുടങ്ങി ആറ് നഗരങ്ങളിലാണ് ഊബര്‍ പദ്ധതി ആരംഭിച്ചത്. ഊബര്‍, ഒല തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്റെ പേരില്‍ നേരത്തെ നിരവധി തവണ ഡ്രൈവര്‍മാര്‍ പണിമുടക്കുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ ഊബര്‍, ഒല, റാപിഡോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ ഓട്ടോറിക്ഷ റൈഡുകള്‍ക്കുള്ള ഇന്‍-ആപ് പേയ്‌മെന്റ് സംവിധാനം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Uber Rolls Out Zero Commission Model For Auto Drivers

dot image
To advertise here,contact us
dot image