
ബഹിരാകാശയാത്രിക സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ അവര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുക എന്നതാണ്. എട്ട് മാസത്തിലധികം മൈക്രോഗ്രാവിറ്റിയില്‍ ചെലവഴിച്ച വില്യംസിനും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്‌നം ഗുരുത്വാകര്‍ഷണമാണെന്ന് ഇരുവരും പറയുന്നു.
ഗുരുത്വാകര്‍ഷണം ശരീരത്തെ വലിയ രീതിയില്‍ ബാധിക്കും, തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്നത് അതാണ്,' അദ്ദേഹം വിശദീകരിച്ചു. 'ഗുരുത്വാകര്‍ഷണം ശരീരദ്രവങ്ങളെയെല്ലാം താഴത്തെ ഭാഗങ്ങളിലേക്ക് വലിക്കാന്‍ തുടങ്ങും പെന്‍സില്‍ ഉയര്‍ത്തുന്നത് പോലും ഒരു വ്യായാമം പോലെ തോന്നും,' സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വില്‍മോര്‍ പറഞ്ഞു.
ബഹിരാകാശത്ത് ദീര്‍ഘകാലം കഴിയുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. പേടകത്തില്‍ അണുബാധ, എല്ലുകള്‍ക്കും മസിലുകള്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, വികിരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. ഇവയെല്ലാം നേരിടാനും അതിജീവിക്കാനുമുള്ള സാങ്കേതിക സൗകര്യങ്ങള്‍ നിലയത്തിലുണ്ട്. ബഹിരാകാശ പേടകം എത്ര സുരക്ഷിതമാണെന്ന് പറഞ്ഞാലും അവിടെ റേഡിയേഷന്റെ അളവ് ഭൂമിയില്‍ ഉള്ളതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതലായിരിക്കും എന്നാണ് ഒരു കണക്ക്.
ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ അസ്ഥികളുടെ സാന്ദ്രത കുറയുന്നു എന്നതാണ് ബഹിരാകാശ സഞ്ചാരികളുടെ പ്രധാന പ്രശ്‌നം. ഗുരുത്വാകര്‍ഷണം അനുഭവപ്പെടാത്ത അവസ്ഥ പേശികളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും. ശരീരദ്രവത്തിലുള്ള വ്യതിയാനങ്ങള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയിലും ഏകോപനത്തിലും മാറ്റങ്ങള്‍ വരുത്തും. ചെറിയൊരു ഭാരം പോലും ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാകും. അവിടെ ഉണ്ടാകുന്ന ഈ മാറ്റങ്ങളില്‍ ചിലത് ഭൂമിയില്‍ തിരിച്ചെത്തിയാല്‍ പോലും തുടരുന്നവയാണ്. എന്നാല്‍ ഇതെല്ലാം സുനിത വില്യംസ് അവരുടെ നേരത്തെയുള്ള രണ്ട് യാത്രകളിലൂടെ അതിജീവിച്ചതാണ്. ആ യാത്രകളില്‍ അവര്‍ 322 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞിരുന്നു.
2024 ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണമാണ് ദീര്‍ഘനാള്‍ ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വന്നത്.
Content Highlights: Sunita Williams braces for life on Earth: Even lifting a pencil will be a workout