
ഐഫോൺ 16ന് ശേഷമുള്ള പുതിയ മോഡലായ ഐഫോൺ 17 ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. നിരവധി പേരാണ് ഇതിനകം ഈ മോഡലിനായി കാത്തിരിക്കുന്നത്. എല്ലാ ഐഫോൺ മോഡലുകളും ഇറങ്ങുമ്പോൾ മണിക്കൂറുകളോളം വരിനിന്ന് വാങ്ങാറുള്ള ജനങ്ങൾ 17നെയും അത്തരത്തിൽ തന്നെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഇപ്പോളിതാ ഐഫോൺ 17നെ സംബന്ധിക്കുന്ന ഒരു ലീക്ക്ഡ് റിപ്പോർട്ട് പുറത്തുവരികയാണ്.
ഇൻസ്റ്റന്റ് ഡിജിറ്റൽ എന്ന ചൈനീസ് പേജിലാണ് പുതിയ ഐഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വന്നത്. ഈ 'ലീക്ക്ഡ്' റിപ്പോർട്ട് പ്രകാരം ഐഫോൺ 17 പ്രൊ വേരിയന്റുകൾക്ക് വയർലെസ് റിവേഴ്‌സ് ചാർജിങ് ഉണ്ടായിരിക്കും. എയർപോഡുകളിൽ നിന്നും ആപ്പിൾ വാച്ചുകളിൽ നിന്നുമാണ് റിവേഴ്‌സ് ചാർജ് ഉണ്ടാകുക.
ഐഫോൺ 17ന്റെ ക്യാമറ ഡിസൈനിലും മാറ്റമുണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ഐഫോൺ 16ൽ പരമ്പരാഗതമായ ക്യാമറ ഷേപ്പിലും മറ്റും ആപ്പിൾ മാറ്റം വരുത്തിയിരുന്നു. ഐഫോൺ 17ൽ ഹൊറിസോണ്ടൽ ആയ, മനോഹരമായ ക്യാമറ ഷേപ്പാണ് ഉണ്ടാകുക എന്നാണ് ലീക്കായ വിവരങ്ങളിൽ നിന്ന് അറിയുന്നത്. പകുതി അലുമിനിയവും പകുതി ഗ്ലാസ് പാനലുകളുമായാണ് ഐഫോൺ 17 പുറത്തിറങ്ങുക എന്നും നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു. ഇതോടെ കാമറയുടെ ഭാഗങ്ങളിൽ അലുമിനിയം ബോഡിയും, മറ്റ് ഭാഗങ്ങളിൽ വയർലെസ് ചാർജിങ്ങിന് ഉതകുന്ന തരത്തിലുള്ള ഗ്ലാസ് ബോഡിയുമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
മാത്രമല്ല, ഐഫോൺ 17 പ്രൊ മാക്സിന് ചെറിയ ഡൈനാമിക് ഐലന്റാകും ഉണ്ടാകുക എന്നും അറിയുന്നുണ്ട്. സെൽഫി ക്യാമറ, ഫേസ് സെൻസറുകൾ എന്നിവ അടങ്ങുന്ന ഭാഗമാണ് ഡൈനാമിക് ഐലന്റുകൾ. ഇത് കൂടുതൽ സൗകര്യപ്രദമായ ഫേസ് ഐഡി റെക്കഗ്നിഷനുകൾക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ 2025ലാകും ഐഫോൺ 17 അവതരിപ്പിക്കുക എന്നാണ് സൂചന.
Content Highlights: Iphone 17 may have this special feature