എല്ലാ ആപ്പുകള്‍ക്കും ലൊക്കേഷന്‍ അനുമതി നല്‍കേണ്ടതുണ്ടോ, ഏതിനൊക്കെ നല്‍കണം? നിര്‍ദേശങ്ങളുമായി കേരളാ പൊലീസ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലീസിന്റെ നിര്‍ദേശം

dot image

മൊബൈല്‍ ഫോണുകളില്‍ പല ആപ്പുകളും ഡൗണ്‍ലോഡ് ചെയ്ത് ആക്‌സസ് കൊടുക്കുന്ന സമയത്ത് ലൊക്കേഷന്‍ ചോദിക്കാറുണ്ട്. ലൊക്കേഷനുള്ള ആക്‌സസ് എല്ലാ ആപ്പുകള്‍ക്കും നല്‍കണമോ എന്ന് വ്യക്തമാക്കുകയാണ് കേരളാ പൊലീസ്.

ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ ആപ്പുകള്‍ക്കും ലൊക്കേഷന്‍ അനുമതി നല്‍കേണ്ടതുണ്ടോ? ജീവിതം ഓണ്‍ലൈന്‍ അധിഷ്ഠിതമായി മാറിയ ഇക്കാലത്ത് നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നത് ഒരു വസ്തുതയാണ്. ചില ആപ്പുകള്‍ക്ക് അവയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് നമ്മുടെ ലൊക്കേഷന്‍ അനുമതി ആവശ്യമുണ്ട്. എന്നാല്‍ അനാവശ്യമായി ലൊക്കേഷന്‍ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്. ഏതൊക്കെ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ഡാറ്റ കാണാനാകുമെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ആപ്പുകള്‍ ഓപ്പണ്‍ ചെയ്ത്, ഉപയോഗിക്കുമ്പോള്‍ മാത്രം ലൊക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്.

നമ്മുടെ ലൊക്കേഷന്‍ അറിയാനുള്ള അനുമതി ഏതൊക്കെ തരം അപ്പുകള്‍ക്ക് നല്‍കണം ?

  • മാപ്പിംഗ് ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ആക്‌സസ് ആവശ്യമാണ്. നമ്മുടെ ലൊക്കേഷന്‍ എവിടെയാണെന്ന് അറിയില്ലെങ്കില്‍ മാപ്പിംഗ് ആപ്പുകള്‍ക്ക് ദിശാസൂചനകള്‍ നല്‍കാന്‍ കഴിയില്ല.
  • ക്യാമറ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലൊക്കേഷന്‍ ആവശ്യപ്പെടുന്നത് അല്‍പ്പം വിചിത്രമായി തോന്നിയേക്കാം, എന്നാല്‍ ഫോട്ടോ മെറ്റാഡാറ്റയിലേക്ക്, ഫോട്ടോകള്‍ എടുക്കപ്പെട്ട ലൊക്കേഷന്‍ ചേര്‍ക്കണോ എന്ന് ചിലപ്പോള്‍ അനുമതി ചോദിക്കാറുണ്ട്. ഇത് അത്യാവശ്യമല്ല. എന്നാല്‍ ഈ ഡാറ്റ ഉണ്ടെങ്കില്‍ ഫോട്ടോകള്‍ കണ്ടെത്തുന്നത് എളുപ്പമാകും.
  • യാത്രക്കും മറ്റും ടാക്‌സി പിടിക്കാനുള്ള ആപ്പുകള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ആപ്പുകള്‍ തുടങ്ങിയവയ്ക്ക് ലൊക്കേഷന്‍ ഡാറ്റ ആവശ്യമായി വരും. എന്നാല്‍ ഇത് എല്ലാ സമയത്തും അനുവദിക്കേണ്ട ആവശ്യമില്ല.
  • അതാത് പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അറിയാന്‍ കാലാവസ്ഥ സംബന്ധമായ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ അനുമതികള്‍ നല്‍കേണ്ടതുണ്ട്. ഒരുപാട് യാത്ര ചെയ്യുകയോ കഠിനമായ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ ജീവിക്കേണ്ട സാഹചര്യമോ ഉണ്ടായാല്‍ 'വിശ്വസനീയമായ' കാലാവസ്ഥ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ആക്‌സസ് നിശ്ചിത കാലയളവില്‍ നല്‍കാം.
  • സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് നമ്മള്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ ജിയോടാഗ് ചെയ്യുന്നതിനുള്ള ലൊക്കേഷന്‍ അനുമതി മാത്രമേ സാധാരണ ആവശ്യമുള്ളൂ. എന്നാല്‍ നമ്മെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഈ ഡാറ്റ ദുരുപയോഗം ചെയ്‌തേക്കാം.
  • മാളുകളുടെയോ വലിയ വ്യവസായ സ്ഥാപനങ്ങളുടെയോ സമീപം ആയിരിക്കുമ്പോള്‍ ഉപഭോക്താവ് എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ലൊക്കേഷന്‍ ഉപയോഗിച്ചേക്കാം.

ആപ്പുകളുടെ സേവനങ്ങള്‍ വിലയിരുത്തി അത്യാവശ്യം ഉള്ളവയ്ക്ക് മാത്രം ലൊക്കേഷന്‍ അക്‌സസ്സ് നല്‍കുക.

Content Highlights: kerala police warning about location access allowed

dot image
To advertise here,contact us
dot image