
സമയം നോക്കാതെ ഫോണില്‍ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുക, ഓരോ നോട്ടിഫിക്കേഷനും പരിശോധിക്കുക, ഉറക്കമില്ലാതിരിക്കുക… അവസാനം ഒന്നിനും സമയം തികയുന്നില്ലെന്ന് പരിതപിക്കുക… ഇന്ന് ഭൂരിഭാഗം പേരുടെയും അവസ്ഥയാണിത്. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ വളരെ ഉപയോഗപ്രദമായ ഉപകരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ക്ക് വരെ കാരണമായേക്കാം.
ആളുകളുടെ ഉത്പാദനക്ഷമത മുതല്‍ ജീവിതശൈലിയെ വരെ ഈ അമിത ഉപയോഗം ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഫോണ്‍ അഡിക്ഷന്‍ അല്ലെങ്കില്‍ നോമോഫോബിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. കുറച്ച് ലളിതമായ മാറ്റങ്ങള്‍ ജീവിതരീതിയില്‍ വരുത്തുന്നതിലൂടെ ഫോണ്‍ അഡിക്ഷന് മാറ്റം വരുത്താനാകുമെന്ന് വ്യക്തമാക്കുകയാണ് വിദഗ്ധര്‍.
ഫോണ്‍ ഉപയോഗത്തിന് ഒരു താല്‍കാലിക ഇടവെള നല്‍കാന്‍ ശ്രമിച്ചു നോക്കൂ. ആഴ്ചയില്‍ ഒരു ദിവസം ഫോണ്‍ ഇല്ലാതെ സമയം ചെലവഴിക്കാന്‍ നോക്കുക. ഇത് മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും. സാങ്കേതികവിദ്യകള്‍ക്ക് ഇടവേള നല്‍കുന്ന ഇത്തരം ശീലങ്ങള്‍ നിങ്ങളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കിടപ്പുമുറിയിലാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതെങ്കില്‍ ഇത് രാത്രി വൈകിയും ഫോണ്‍ ഉപയോഗിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഇത് ശരിയായ ഉറക്കം ലഭിക്കാതിരിക്കുന്നതിന് കാരണമാകും. ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് മറ്റേതെങ്കിലും മുറികളിലാക്കുന്നത് രാത്രികളില്‍ ശരിയായ വിശ്രമം ലഭിക്കാന്‍ സഹായിക്കും. മാത്രമല്ല ഈ ലളിതമായ മാറ്റം ശരിയായ ഉറക്കം ലഭിക്കാനും മാനസികാരോഗ്യത്തിനും സഹായിക്കും.
സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ ബോധപൂര്‍വമായി തന്നെ ശ്രമിക്കാം. ഇത് സമയം ചെലവഴിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിങ്ങളെ പ്രേരിപ്പിക്കും. ഉത്പാദനക്ഷമതയും വ്യക്തിഗത വളര്‍ച്ചയ്ക്കും വരെ ഈ മാറ്റം നിങ്ങളെ സഹായിക്കാം.
വീടിനുള്ളില്‍ 'ടെക്-ഫ്രീ സോണുകള്‍' നിശ്ചയിക്കുക. അതായത് ഡൈനിങ് റൂം, കിടപ്പുമുറി തുടങ്ങിയ നിശ്ചിത ഇടങ്ങളില്‍ ഫോണോ കമ്പ്യൂട്ടറോ കൊണ്ടുവരില്ലെന്ന് തീരുമാനിക്കുക.
അത്രയ്ക്ക് അത്യാവശ്യമില്ലെങ്കില്‍ ആപ്പുകളുടെ നോട്ടിഫിക്കേഷന്‍സ് ഓഫ് ചെയ്ത് വെക്കുക. ഇത് ഇടയ്ക്കിടെ ഫോണ്‍ നോക്കുന്ന ശീലം ഇല്ലാതാക്കാന്‍ സഹായിക്കും. മറ്റുള്ള കാര്യങ്ങള്‍ ചെയ്യവെ ശ്രദ്ധ പോകുന്ന സാഹചര്യങ്ങളും ഒഴിവാക്കാം.
കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന് തോന്നുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ആപ്പുകള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുക. ഇവയുടെ ഉപയോഗം എന്നന്നേക്കുമായി നിര്‍ത്തുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെബ് ബ്രൗസര്‍ വഴി മാത്രം ഈ സോഷ്യല്‍മീഡിയ ആപ്പുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
Content Highlights: Addicted to your phone? Tips to break the habit