
പുറത്തു നിന്നും ഹോസ്റ്റലിലെയുമൊക്കെ ഭക്ഷണം കഴിച്ച് മടുക്കുമ്പോള്‍, അല്ലെങ്കില്‍ നാട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ അമ്മയുടെ കൈ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. എവിടെയെങ്കിലും യാത്ര പോകുമ്പോഴോ മറ്റോ കഴിച്ച ഭക്ഷണങ്ങള്‍ ഇവിടെ ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാകും… ഇവര്‍ക്ക് സന്തോഷം തരുന്ന ഒരു വാര്‍ത്തയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഭക്ഷണപാനീയങ്ങളുടെ രുചികള്‍ റീക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ കണ്ടുപിടുത്തമാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നില്‍. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ രുചികളുടെ അനുഭവം നല്‍കാനാകുന്ന ഇലക്ട്രോണിക് ടംഗാണ് വികസിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി കൂടി ഉപയോഗിച്ച് ഈ ഉപകരണത്തിന് ഭക്ഷണങ്ങളുടെ രുചി അനുഭവങ്ങള്‍ നല്‍കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇ-ടംഗിലൂടെ ഒരാളുടെ വായില്‍ ഭക്ഷണങ്ങളുടെ രുചികള്‍ ഭാഗികമായി പുനര്‍നിര്‍മ്മിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യിഷെന്‍ ജിയ പറഞ്ഞു. അടിസ്ഥാനപരമായി രുചികളുമായി പൊരുത്തപ്പെടുന്ന അഞ്ച് പ്രധാന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. സോഡിയം ക്ലോറൈഡ് (ഉപ്പ്), സിട്രിക് ആസിഡ് (പുളിപ്പ്), ഗ്ലൂക്കോസ് (മധുരം), മഗ്‌നീഷ്യം ക്ലോറൈഡ് (കയ്പ്പ്), ഗ്ലൂട്ടാമേറ്റ് (കയ്പ്പ്). ഈ അഞ്ച് രുചികളാണ് നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്രധാനഘടകമായി പ്രവര്‍ത്തിക്കുന്നതെന്ന് ജിയ പറയുന്നു.
ഭക്ഷണത്തിലെ രുചിയുടെ ഘടകങ്ങള്‍ ഇ-ടേസ്റ്റ് സെന്‍സറുകള്‍ ഉപയോഗിച്ച് കണ്ടെത്തുകയും, ഈ ഡാറ്റയെ ഡിജിറ്റല്‍ സിഗ്നലുകളാക്കി മാറ്റുകയും ചെയ്യും. തുടര്‍ന്ന് രുചി അനുഭവപ്പെടാന്‍ ഒരാളുടെ നാവിനടിയില്‍ ഘടിപ്പിക്കുന്ന ഡിവൈസ് വഴി കൃത്യമായ അളവില്‍ ഫ്‌ളേവേര്‍ഡ് ഹൈഡ്രോജെല്ലുകള്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
പരീക്ഷണഘട്ടത്തില്‍ പങ്കെടുത്ത 70 ശതമാനം പേര്‍ക്കും കൃത്രിമ രുചിയെ യഥാര്‍ത്ഥ രുചിയുടെ അതേ രീതിയില്‍ വിലയിരുത്താനായി. രണ്ടാം ഘട്ടത്തിലാണ്, നാരങ്ങാവെള്ളം, കേക്ക്, മുട്ട വറുത്തത്, സൂപ്പ്, കാപ്പി തുടങ്ങിയ രുചികള്‍ പകര്‍ത്താനുള്ള ഇ-ടേസ്റ്റിന്റെ കഴിവിനെ പരീക്ഷിച്ചത്. ആറ് പേരടങ്ങുന്ന സംഘത്തിന് 80 ശതമാനത്തിലധികം സമയത്തും ഈ രിചികളെ വിജയകരമായി വേര്‍തിരിച്ചറിയാനായി.
എന്നാല്‍ മണം പോലെ രുചിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഇതിന്റെ പോരായ്മയാണെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗന്ധവും നിറവും അടക്കം ഭക്ഷണത്തിന്റെ രുചിയില്‍ നിര്‍ണായകമായ ഘടകങ്ങളാണ്. മധുരം, പുളി തുടങ്ങിയ രുചികളുടെ തീവ്രത അളക്കാന്‍ ഇ-ടംഗിന് സാധിക്കുമെങ്കിലും, മനുഷ്യനാവ് എങ്ങനെ രുചി അനുഭവിക്കുന്നു എന്നതിന് പകരമാവില്ലെന്നാണ് വാര്‍വിക്ക് സര്‍വകലാശാലയിലെ ഗവേഷകന്‍ അലന്‍ ചാംമേര്‍സ് പറയുന്നത്.
Content Highlights: Scientists Develop 'E-Tongue' That Lets You Taste Cake In Virtual Reality