
സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സ്‌പേസ് എക്‌സുമായി കരാറൊപ്പിട്ട് എയര്‍ടെല്‍. ചൊവ്വാഴ്ചയാണ് ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളില്‍ ഒന്നായ എയര്‍ടെല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് ഇന്ത്യയിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി കമ്പനി കറാറില്‍ ഒപ്പുവെച്ചതായാണ് പത്രക്കുറിപ്പില്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്ത് സ്‌പേസ് എക്‌സ് സേവനങ്ങള്‍ വില്‍ക്കുന്നതിന് സ്‌പേസ് എക്‌സിന് അനുമതി ലഭിക്കുന്നത് അനുസരിച്ചിരിക്കും തുടര്‍ നടപടികളെന്നാണ് വിവരം.
ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാര്‍ലിങ്കിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പേസ് എക്‌സ്. ബിസിനസുകള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് പുറമെ, ഗ്രാമീണമേഖലകളിലെ സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഉള്‍പ്രപ്രദേശങ്ങളിലേക്ക് ഉള്‍പ്പടെ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും തീരുമാനമാകേണ്ടതുണ്ട്.
സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി എയര്‍ടെല്‍ നിലവില്‍ യൂട്ടെല്‍സാറ്റ് വണ്‍വെബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ലിങ്കുമായുള്ള പങ്കാളിത്തം ഇന്റര്‍നെറ്റ് എത്തിയിട്ടില്ലാത്ത ഉള്‍പ്രദേശങ്ങളിലേക്കുള്‍പ്പടെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ എയര്‍ടെല്ലിനെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. സുപ്രധാന നാഴികക്കല്ലെന്നാണ് കാരാറിനെ ഭാരതി എയര്‍ടെല്‍ മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിറ്റല്‍ വിശേഷിപ്പിച്ചത്. സ്‌പേസ് എക്‌സുമായുള്ള ഈ സഹകരണം ഇന്ത്യയുടെ ഏറ്റവും വിദൂര ഭാഗങ്ങളിലേക്ക് പോലും ലോകോത്തര ഹൈ-സ്പീഡ് ബ്രോഡ്ബാന്‍ഡ് എത്തിക്കാനുള്ള എയര്‍ടെല്ലിന്റെ കഴിവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Airtel signs deal with Elon Musk's SpaceX to bring Starlink internet to India