ഇന്ത്യന്‍ വംശജയായ നാസ സഞ്ചാരി സുനിത വില്യംസും ബുച്ച് വില്‍മോറും 10 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണിലാണ് ഭൂമിയില്‍ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. എന്നാല്‍ പേടകത്തിന്റെ സാങ്കേതിക തകരാര്‍ മൂലം തിരകെയുള്ള യാത്ര മുടങ്ങി ബഹിരാകാശത്ത് കുടുങ്ങിയിരിക്കുകയായിരുന്നു ഇരുവരും. ഒടുവില്‍ ഇവർ സ്പേസ് എക്സ് ബഹിരാകാശ പേടകത്തില്‍ ഭൂമിയിലേക്ക് തിരിക്കാനിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ ഇരുവരും ബഹിരാകാശത്ത് ചെലവഴിച്ചത് എങ്ങിനെയെന്നുള്ളത് ആകാംക്ഷ ഉണ്ടാക്കുന്ന കാര്യമാണ്. സുനിതാ വില്യംസ് എങ്ങനെയൊക്കെയാണെന്ന് സമയം ചെലവഴിച്ചതെന്ന് നോക്കിയാലോ?
- ബഹിരാകാശ നടത്തം: ഈ കാലയളവില്‍ 62 മണിക്കൂറും 9 മിനിറ്റും ബഹിരാകാശ നടത്തത്തിനായി സുനിത വില്യംസ് ചെവഴിച്ചു. ഇത് എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്റ്റിവിറ്റീസ് (ഇ വിഎ) എന്നും അറിയപ്പെടുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം ചെയ്ത വനിതാ ബഹിരാകാശ യാത്രികയായി സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് അറ്റകുറ്റപണിക്കായി അഞ്ച് മണിക്കൂറും 26 മിനിറ്റും ചെലവിട്ടതോടെയാണ് ഈ നേട്ടം സ്വന്തമാക്കാനായത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിട്‌സൻ സ്ഥാപിച്ച റെക്കോഡാണ് സുനിത മറികടന്നത്. മൂന്നു ദൗത്യങ്ങളിലായി 62 മണിക്കൂറും 9 മിനിറ്റുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. പെഗ്ഗി വിട്‌സന്റെ റെക്കോഡ് 60 മണിക്കൂറും 21 മിനിറ്റുമാണ്.
- ഗവേഷണം: വില്യംസും സഹ ബഹിരാകാശ യാത്രികരും 900 മണിക്കൂറിലധികം സമയം ചെലവഴിച്ചത് ഗവേഷണം നടത്തുന്നതിനും പരീക്ഷണങ്ങള്‍ക്കുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) താമസിക്കുമ്പോള്‍ 150തിലധികം ശാസത്രീയ പരീക്ഷണങ്ങളും നടത്തി.
- അറ്റകുറ്റപ്പണികള്‍: പഴയ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുക. മാലിന്യങ്ങള്‍ ഭൂമിയിലേക്ക് തിരികെ അയയ്ക്കുക എന്നിവയുള്‍പ്പെടെ ഐഎസ്എസിലെ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും ചെയ്യാനായും സുനിത വില്യംസ് സമയം മാറ്റി വെച്ചിരുന്നു.
- വാട്ടര്‍ റിക്കവറി: പായ്ക്ക്ഡ് ബെഡ് റിയാക്ടര്‍ പരീക്ഷണം. വാട്ടര്‍ റിക്കവറി സീരിസ് ഉള്‍പ്പെടെയുള്ള വാട്ടര്‍ റിക്കവറി സംവിധാനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
- പൂന്തോട്ട പരിപാലനം: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് സുനിത വില്യംസ് പൂന്തോട്ടപരിപാലനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും പങ്കെടുത്തിരുന്നു.
- മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങള്‍: മൈക്രോബിയല്‍ സെല്‍ വളര്‍ച്ച, സെല്‍ ഘടന മെറ്റബോളിക് പ്രവര്‍ത്തനം എന്നിവയില്‍ മൈക്രോഗ്രാവിറ്റിയുടെ എഫക്റ്റ് മനസിലാക്കാനുള്ള പഠനങ്ങളും സുനിത വില്യംസ് നടത്തിയിരുന്നു. ബഹിരാകാശത്ത് ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സൂഷ്മാണുക്കളുടെ വളര്‍ച്ച മനസിലാക്കാനായിരുന്നു ഇത്.
- ആരോഗ്യ സംരക്ഷണം: ബഹിരാകാശത്ത് ആയിരിക്കുമ്പോള്‍ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സുനിത വില്യംസ് ശ്രമിച്ചിരുന്നു. ഇതിന് കൃത്യമായ വ്യായാമ ഷെഡ്യൂളുകളും അവർ ഈ സമയങ്ങളില്‍ പിന്തുടര്‍ന്നിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതുമാസമായി കുടുങ്ങിക്കിടക്കുന്ന സുനതി വില്യംസും ബുച്ച് വിൽമോറും മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 16ന് ഭൂമിയിലേക്ക് ഇവരുടെ മടക്കയാത്ര തുടങ്ങാനാണ് നാസയുടെ തീരുമാനം. ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ അഞ്ചിന് കെന്നഡി സ്‌പേയ്‌സ് സെന്ററിൽ നിന്ന് ഫാൽക്കണ്‍ 9 റോക്കറ്റാണ് ഇവരുടെ പേടകവുമായി കുതിക്കുക. ദൗത്യത്തിന്റെ തത്സമയ വെബ്കാസ്റ്റ് വിക്ഷേപണത്തിന് ഏകദേശം ഒരു മണിക്കൂര്‍ 20 മിനിറ്റ് മുമ്പ് ആരംഭിക്കും. സ്‌പെയ്‌സ് എക്‌സ് വെബ്‌സൈറ്റിലും സ്‌പെയ്‌സ് എക്‌സ് സമൂഹമാധ്യമ അക്കൗണ്ടിലും എക്‌സ് ടിവി ആപ്പിലും തത്സമയം കാണാം.
2024 ജൂൺ അഞ്ചിനാണ് ഫ്ലോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുനതി വില്യംസിനേയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ട് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകം പറന്നുയർന്നത്. എട്ട് ദിവസത്തേക്കായിരുന്നു പോയത്. എന്നാൽ സാങ്കേതി തകരാർ മൂലം 10 മാസത്തോളമാണ് അവിടെ തുടരേണ്ടി വന്നത്.
Content Highlights: 62 Hours Of Spacewalk, Gardening: How Sunita Williams Is Spending Time In Space