
കഥകളിലും സിനിമകളിലുമൊക്കെ കാണുന്നത് പോലെ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ മണിക്കൂറുകള്‍ കൊണ്ട് ഉണങ്ങുന്നു... ഒരു ദിവസത്തിന് ശേഷം ഇങ്ങനൊരു പരിക്ക് സംഭവിച്ചുവെന്ന് അറിയാന്‍ പോലുമാകാത്ത വിധത്തിലാകുന്നു എന്ന് വിചാരിക്കുക. അത്ഭുതം അല്ലെ… എന്നാല്‍ ഇത്തരമൊരു അത്ഭുത കണ്ടുപിടുത്തത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. ആള്‍ട്ടോ സര്‍വകലാശാലയിലെയും ബെയ്റൂത്ത് സര്‍വകലാശാലയിലെയും ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. മനുഷ്യശരീരത്തിലെ മുറിവുകള്‍ മണിക്കൂറുകള്‍ കൊണ്ട് ഉണങ്ങാന്‍ സഹായിക്കുന്ന 'സെല്‍ഫ് ഹീലിങ് ഹൈഡ്രോജെല്‍' ആണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്.
മനുഷ്യചര്‍മ്മത്തിന്റെ ഗുണങ്ങളെ അനുകരിക്കുന്ന തരത്തിലുള്ളതാണ് ഈ ജെല്‍. ഈ വസ്തുവിന് വെറും നാല് മണിക്കൂര്‍ കൊണ്ട് മുറിവിന്റെ 90 ശതമാനം ഉണക്കാനും 24 മണിക്കൂറില്‍ പൂര്‍ണമായും സുഖപ്പെടുത്താനും സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യചര്‍മ്മത്തിന്റെ സങ്കീര്‍ണമായ ഗുണങ്ങള്‍ പകര്‍ത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചു.
മുറിവുകളോ പരിക്കോ ഒക്കെയുണ്ടായാല്‍ സുഖപ്പെടുത്തുന്നതടക്കം അസാധാരണമായ പലകഴിവുകളുമുള്ളതാണ് മനുഷ്യചര്‍മ്മം. ഇതിനെ അനുകരിക്കുന്ന തരത്തിലുള്ള ഒരു കണ്ടുപിടുത്തം നടത്താന്‍ ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ നാനോഷീറ്റിനാല്‍ വികസിപ്പിച്ച പോളിമര്‍ എന്‍ടാന്‍ഗ്മെന്റിലൂടെ ഹൈഡ്രോജെല്‍ ഈ വെല്ലുവിളിയെ അതിജീവിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേച്ചര്‍ മെറ്റീരിയല്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. വളരെ നേര്‍ത്തതും വലുതുമായ നാനോഷീറ്റുകള്‍ കൊണ്ടാണ് ഈ ഹൈഡ്രോജെല്‍ വികസിപ്പിച്ചിരിക്കുന്നത്. സാധാരണ രീതിയില്‍ വളരെ മൃദുവായതാകും ഹൈഡ്രോജെല്ലുകള്‍. എന്നാല്‍ നാനോഷീറ്റുകള്‍ക്കിടയില്‍ പോളിമറുകളുള്ള ഒരു ഘടനയാണ് പുതിയ ഹൈഡ്രോജെല്ലിന്റേത്. ഇതിലെ മൂലകങ്ങള്‍ പരിക്കുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ സഹായിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
മുറിവുകള്‍ സുഖമാക്കല്‍, മരുന്നുകളുടെ വിതരണം, സോഫ്റ്റ് റോബോട്ടിക്‌സ്, പ്രോസ്‌തെറ്റിക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ നിര്‍ണായകമാകാന്‍ സെല്‍ഫ് ഹീലിങ് ഹൈഡ്രോജെല്ലിന്റെ കണ്ടുപിടുത്തത്തിനാകുമെന്ന് ഗവേഷകര്‍ പറഞ്ഞു. വേഗത്തിലും ഫലപ്രദമായും പരിക്കുകള്‍ സുഖപ്പെടുത്താനുള്ള ഈ മെറ്റീരിയലിന്റെ കഴിവ്, പൊള്ളലേറ്റവര്‍ക്കും ശസ്ത്രക്രിയാ രോഗികള്‍ക്കും വിട്ടുമാറാത്ത മുറിവുകളുള്ളവര്‍ക്കും ഏറെ ഗുണകരമാകുമെന്നും ഇവര്‍ പറയുന്നു.
Content Highlights: Scientists Create Skin-Like Hydrogel That Heals Wounds 90% In 4 Hours