
ജിപേ അടക്കമുള്ള യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ഡീ-ആക്ടിവേറ്റ് ആയാല്‍ എന്ത് ചെയ്യുമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഇതിന് പരിഹാരവുമായാണ് നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(NPCI) രംഗത്തെത്തുന്നത്. ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് പഴയ നമ്പറുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഈ നമ്പറുകളിലേക്ക് നിങ്ങള്‍ക്ക് ആക്‌സസ് ഇല്ലെങ്കിലും ഇതിന് സാധിക്കുമെന്നാണ് NPCI അറിയിച്ചിരിക്കുന്നത്.
2025 മാര്‍ച്ച് 31-ഓടെ, യുപിഐ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ബാങ്കുകളും പേയ്മെന്റ് സേവന ദാതാക്കളും (പിഎസ്പി) നിഷ്‌ക്രിയമോ ഉപയോഗത്തിലില്ലാത്തതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യുന്നതിനായി അവരുടെ ഡാറ്റാബേസുകള്‍ അപ്ഡേറ്റ് ചെയ്യണം. മൊബൈല്‍ നമ്പര്‍ മാറുന്നത് മൂലമുണ്ടാകുന്ന പിശകുകളും നമ്പര്‍ ചോരുന്നത് മൂലമുണ്ടാകുന്ന തട്ടിപ്പുകളും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
ബാങ്കുകളും കൃത്യമായ ഇടവെളകളില്‍ മൊബൈല്‍ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് NPCI നിര്‍ദേശമുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ അപ്‌ഡേഷന്‍ നടന്നിരിക്കണമെന്നാണ് നിര്‍ദേശം. യുപിഐ ഐഡികളില്‍ നിന്ന് ഡീആക്ടീവ് ആയതോ ഉപയോഗത്തിലില്ലാത്തതോ ആയ നമ്പറുകള്‍ വേര്‍പെടുത്തുന്നതിനും മൊബൈല്‍ നമ്പറിലെ തെറ്റുകള്‍ മൂലമുണ്ടാകുന്ന പിശകുകള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ (DoT) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ഒരു മൊബൈല്‍ നമ്പര്‍ 90 ദിവസമോ അല്ലെങ്കില്‍ മൂന്ന് മാസങ്ങളോ ഉപയോഗിക്കാതിരുന്നാല്‍ ( കോളുകള്‍, സന്ദേശങ്ങള്‍, ഡാറ്റ തുടങ്ങി ഒരുവിധത്തിലും ഉപയോഗിക്കാതിരുന്നാല്‍) അത് ഡീആക്ടിവേറ്റ് ആവുകയും, പുതിയ സബ്‌സ്‌ക്രൈബറിന് ഈ നമ്പര്‍ അസൈന്‍ ചെയ്യുകയും ചെയ്യും.
ബാങ്ക് അക്കൗണ്ടുകള്‍, യുപിഐ ഐഡികള്‍ തുടങ്ങിയ പ്രധാനപ്പെട്ട സേവനങ്ങള്‍ക്കായി ഒരിക്കല്‍ നല്‍കുന്ന നമ്പറുകള്‍ പിന്നീട് പലരും അപ്‌ഡേറ്റ് ചെയ്യാറില്ല. ഈ നമ്പറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയാലും അപ്‌ഡേറ്റ് ചെയ്യാതിരിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമായേക്കാം. ഈ നമ്പര്‍ ലഭിക്കുന്ന പുതിയൊരാള്‍ക്ക് നിങ്ങളുടെ രഹസ്യവിവരങ്ങളിലേക്കടക്കം കടന്നുകയറാനും സാധിച്ചേക്കും.
പുതിയ നിയമം അനുസരിച്ച്, ഒരു മൊബൈല്‍ നമ്പര്‍ യിപിഐ ഐഡിയിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് ഉപയോക്താക്കളുടെ സമ്മതം തേടാന്‍ യുപിഐ പ്ലാറ്റ്‌ഫോമുകള്‍ നിര്‍ബന്ധിതരാകും. നേരത്തെ ഇതിന് ഈ സമ്മതത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.
Content Highlights: Is your UPI linked to an inactive mobile number? Here's how NPCI protects you