'രഹസ്യം ചോരും, ചൈന വിട്ടുപോകരുത്'; ഡീപ്‌സീക്ക് ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചെടുത്തതായി റിപ്പോർട്ട്

ഡീപ്‌സീക്കിൽ ഇനി മുതൽ ആർക്കൊക്കെ നിക്ഷേപിക്കാമെന്ന് തീരുമാനിക്കുന്നതിനും ചൈനീസ് സർക്കാർ നേരിട്ട് പങ്കുവഹിക്കുന്നതായിട്ടാണ് റിപ്പോർട്ട്

dot image

ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡീപ്‌സീക്ക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സംവിധാനം ചൈന പുറത്തുവിട്ടത്. അമേരിക്കയുടെ ചാറ്റ്ജീപിടിയെക്കാൾ മികവ് തെളിയിച്ച ഡീപ്‌സീക്ക് നിമിഷ നേരം കൊണ്ട് ജനപ്രിയമായിരുന്നു. എന്നാൽ ഡീപ്‌സീക്കിലെ ജീവനക്കാരോട് രാജ്യം വിടരുതെന്ന് ചൈന നിർദ്ദേശിച്ചതായി അന്താരാഷ്ട്രമാധ്യമമായ ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു.

തന്ത്രപ്രധാനമായ വിവരങ്ങൾ ചോരുന്നത് തടയുന്നതിനും പ്രധാന ജീവനക്കാർ ജോലി മാറുന്നതിനുമെതിരായിട്ടാണ് സർക്കാർ നടപടിയെന്നാണ് റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഭരണകൂടം ഡീപ്‌സീക്കിനെ 'ദേശീയ നിധി' ആയിട്ടാണ് കണക്കാക്കുന്നത്. കമ്പനിയിലെ ഒന്നിലധികം ജീവനക്കാരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.

ഡീപ്‌സീക്കിന്റെ മാതൃ കമ്പനിയായ ഹൈ-ഫ്‌ലയർ സ്വകാര്യഫണ്ടിങ് കമ്പനിയാണെങ്കിലും സർക്കാർ ജീവനക്കാരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു. ഡീപ്‌സീക്കിൽ ഇനി മുതൽ ആർക്കൊക്കെ നിക്ഷേപിക്കാമെന്ന് തീരുമാനിക്കുന്നതിനും ചൈനീസ് സർക്കാർ നേരിട്ട് പങ്കുവഹിക്കുന്നതായിട്ടാണ് റിപ്പോർട്ട്.

ചൈനയും യുഎസും തമ്മിലുള്ള എഐ മത്സരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാപാര രഹസ്യങ്ങൾ ചോർന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം അക ഗവേഷകരോടും ബിസിനസ്സ് നേതാക്കളോടും യുഎസിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബീജിംഗ് അടുത്തിടെ നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാപാര രഹസ്യങ്ങളോ സംസ്ഥാന രഹസ്യങ്ങളോ ഉൾപ്പെടെയുള്ള രഹസ്യ ഡാറ്റ വെളിപ്പെടുത്തുന്നത് തടയുക എന്നത് മാത്രമാണ് ഈ യാത്രാ വിലക്കുകളുടെ ഉദ്ദേശ്യമെന്ന് മൂന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ചൈനയുടെ സെൻസർഷിപ്പ് നിയമങ്ങൾ പാലിച്ചാണ് ഡീപ്‌സീക്കിന്റെ എഐ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത് ഇത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊല, ഹോങ്കോംഗ് അംബ്രല്ല വിപ്ലവം, ഗവൺമെന്റുമായി ബന്ധപ്പെട്ട മറ്റ് സെൻസിറ്റീവ് വിഷയങ്ങൾ തുടങ്ങിയ ചർച്ച ചെയ്യുന്നത് ഡീപ്‌സീക്കിന്റെ ചാറ്റ്‌ബോട്ട് ഒഴിവാക്കുന്നുവെന്ന് ദി ഗാർഡിയൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഓപ്പൺ എഐ, ജെമിനി, മെറ്റ എഐ, ഗ്രോക്ക് തുടങ്ങിയ വമ്പൻ എഐ ചാറ്റ് ബോട്ടുകൾക്കിടയിലേക്കാണ് ചൈനയിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഡീപ്‌സീക്ക് എത്തിയത്. ഡീപ്‌സീക്കിന്റെ വളർച്ചയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയിലെ ഉൾപ്പടെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. അമേരിക്കയിൽ പോലും ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന സൗജന്യ ആപ്ലിക്കേഷനായി ഡീപ്‌സീക്ക് മാറിയെന്നും കണക്കുകൾ പുറത്തുവന്നിരുന്നു. ഡീപ് സീക്കിന്റെ ഈ വളർച്ച ടെക്‌നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

കിഴക്കൻ ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായുള്ള ലിയാങ് വെൻഫെങ് 2023 ലാണ് ഡീപ്‌സീക്ക് സ്ഥാപിച്ചത്. 2024 മെയ് മാസത്തിൽ ഡീപ്സീക്ക് LLM ഉം ഡീപ്സീക്ക് V-2 ഉം പുറത്തിറങ്ങി. ഡീപ്സീക്കിന്റെ അക മോഡലായ ഡീപ്സീക്ക്-വി3 വികസിപ്പിക്കാൻ 6 മില്യൺ ഡോളറിൽ താഴെ മാത്രമാണ് (51 കോടി രൂപ) ചെലവായതെന്നും റിപ്പോർട്ടുണ്ട്

അതേസമയം ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ഡീപ്‌സീക്ക് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിർണായക ഹാർഡ്വെയറിലേക്കുള്ള DeepSeek-ന്റെ ആക്സസ് പരിമിതപ്പെടുത്തിക്കൊണ്ട്, ഉയർന്ന നിലവാരമുള്ള Nvidia A100 ചിപ്പുകൾക്ക് യുഎസ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ദേശീയ സുരക്ഷയും ഉപയോക്തൃ ഡാറ്റയും സംരക്ഷിക്കുന്നതിനായി വിദേശ AI ആപ്ലിക്കേഷനുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

Content Highlights: Chinees Government seized passports and have travel ban for Deepseek AI employees : Reports

dot image
To advertise here,contact us
dot image