
കേന്ദ്രസർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ പ്രവൃത്തി വിപുലീകരണത്തിൽ അടുത്ത പടിയിലേക്ക് കടക്കുന്നു. ജൂൺ മുതൽ ഉപഭോക്താക്കൾക്ക് 5ജി കണക്ഷൻ നൽകാനുള്ള തയ്യാറെടുപ്പുകളിലേക്ക് കമ്പനി കടക്കുകയാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. 4ജി സേവനങ്ങൾ നൽകാനുള്ള ഒരു ലക്ഷം സൈറ്റുകൾ തയ്യാറാക്കുന്നതിന്റെ ഒപ്പം തന്നെയാകും 5ജി കണക്ഷനുളള പ്രാരംഭ നടപടികളും ആരംഭിക്കുക.
നിലവിൽ 4ജി സേവനങ്ങൾക്കായുള്ള ഒരു ലക്ഷം സൈറ്റുകളാണ് ഇൻസ്റ്റാൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവയിൽ 89,000 സൈറ്റുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. 72000 സൈറ്റുകൾ മുഴുവനായും കമ്മീഷൻ ചെയ്തുകഴിയുകയും ചെയ്തു. ഇനി ബാക്കിയുള്ളത് സിംഗിൾ സെൽ ഫങ്ഷൻ ടെസ്റ്റ് എന്ന പ്രക്രിയയാണ്. ഇവ കൂടി പൂർത്തിയാകുന്നതോടെ മെയ് ജൂൺ 2025ഓടെ 4ജി വിന്യാസം പൂർത്തിയാകും. ഇതിനോടൊപ്പം തന്നെയാകും 5ജിക്കുള്ള തയ്യാറെടുപ്പുകളും നടക്കുക.
സ്വന്തമായി 4ജി ടെക്‌നോളജിയുളള അഞ്ച് ലോകരാജ്യങ്ങളിൽ ഒന്നാണ് നിലവിൽ ഇന്ത്യ. ചൈന, സൗത്ത് കൊറിയ, ഫിൻലൻഡ്, സ്വീഡൻ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. 5ജി കണക്ഷന് കൂടി തുടക്കമിടുന്നതോടെ ഇന്ത്യയുടെ സ്വന്തം ബിഎസ്എൻഎൽ ലോക നെറുകയിൽ തന്നെ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ജിയോയും എയർടെല്ലും വിഐയുമെല്ലാം അടക്കിവാഴുന്ന മേഖലയിൽ ആധിപത്യമുറപ്പിക്കാൻ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളുമായി ബിഎസ്എൻഎല്ലും വരികയാണ്.
ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാൻ ആണ് ബിഎസ്എൻഎൽ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മറ്റ് സർവീസ് പ്രൊവൈഡർമാരെക്കാൾ രണ്ട് മാസം കൂടി അധികം നല്‍കി 14 മാസത്തേക്കാണ് പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. വില വെറും 2398 രൂപയും! ജിയോ പോലുള്ള സ്വകാര്യ കമ്പനികൾ 12 മാസത്തെ പ്ലാനിന് പോലും 3500 രൂപയിലധികം ഈടാക്കുമ്പോഴാണ് ബിഎസ്എൻഎൽ ഇത്രയും കുറഞ്ഞ നിരക്കിൽ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ, അനിയന്ത്രിതമായ കോൾ, ദിവസേന 100 സൗജന്യ എസ്എംഎസ് ഓപ്‌ഷനുകൾ എന്നിവയും പ്ലാനിലുണ്ട്.
Content Highlights: BSNL to start 5G rollout plans soon