
മറ്റ് തൊഴിൽ മേഖലകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഐടി എന്നത് വളരെ വേഗത്തിൽ വളരുന്ന ഒരു തൊഴിൽ മേഖലയാണ്. നിരവധി പേരാണ് ഓരോ അക്കാദമിക് വർഷത്തിനൊടുവിലായി ഐടി മേഖലയിൽ കയറാനായി കാത്തിരിക്കുന്നത്. ആകർഷകമായ ശമ്പളം, മികച്ച ജീവിത സാഹചര്യം എന്നിവയെല്ലാം ഐടി മേഖലയിലേക്ക് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നുമുണ്ട്. എന്നാൽ ഈ മേഖലയിലെ ചില പ്രശ്നങ്ങളെപ്പറ്റി ഇപ്പോൾ തുറന്നുപറയുകയാണ് ടൈനിചെക്ക് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ ഉദിത് ഗോയങ്ക.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഉദിത് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഐടി മേഖലയിലെ തൊഴിൽ അന്വേഷകർക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു അത്. മേഖലയിൽ തൊഴിലുകൾ കുറയുകയാണെന്ന് സൂചിപ്പിക്കുന്ന ഈ എക്സ് പോസ്റ്റ് ഇതിനകം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
ഐടി ഡെവലപ്പർമാരിലെ തുടക്കക്കാർ ഈ വർഷം തൊഴിൽ കണ്ടെത്താൻ കുറച്ച് കഷ്ടപ്പെടും എന്നായിരുന്നു പോസ്റ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദധാരികളായവരാണെങ്കിൽ ലൈവ് പ്രൊഡക്ടുകളും മറ്റും ഉണ്ടാക്കാൻ ശ്രദ്ധിക്കണം. അത്തരത്തിൽ മാത്രമേ ഒരാളുടെ കഴിവും യോഗ്യതയും എടുത്തുകാണിക്കാൻ സാധിക്കുകയുള്ളൂ എന്നും ഉദിത് പോസ്റ്റിൽ പറയുന്നുണ്ട്. ചുരുക്കത്തിൽ പരമ്പരാഗത രീതികളിൽ നിന്ന് പ്രാക്ടിക്കൽ ആയ രീതിയിലേക്ക് മാറണം എന്ന് ഉദിത് പറയുന്നു.
ഉദിത്തിന്റെ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നത്. ഒരു യൂസർ പറഞ്ഞത് ഇങ്ങനെയാണ്, ' ശരിയാണ്. ഡിഗ്രികളില്‍ വിശ്വസിക്കരുത്' എന്നാണ്. മറ്റൊരാൾ പറയുന്നത് ' കോളേജ് കാലഘട്ടം മുതൽക്കേ മികച്ച പ്രോജക്ടുകൾ ചെയ്ത്, സ്വയം ഉയർന്നുവന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. പ്രാക്ടിക്കൽ പ്രശ്നങ്ങൾ പരിഹരിച്ച് മിടുക്ക് തെളിയിച്ചാൽ തുടക്കക്കാർക്ക് അവസരമുണ്ടാകും' എന്നാണ്. ചിലർ വിയോജിക്കുന്നുമുണ്ട്. എന്തായാലും ഉദിത് ഗോയങ്കയുടെ പോസ്റ്റ് ഇപ്പോൾത്തന്നെ വലിയ ചർച്ചകൾക്ക് വഴിതുറന്നുകഴിഞ്ഞു.
Content Highlights: Expert warning about diminishing jobs at IT sector