
ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് നിര്‍മ്മിതബുദ്ധി ചാറ്റ്‌ബോട്ടായ ChatGPT ഉപയോഗിക്കുന്നതെന്നാണ് ഓപ്പണ്‍എഐ വ്യക്തമാക്കുന്നത്. പല ജോലികളും ചാറ്റ്ജിപിടി എളുപ്പമാക്കുന്നുണ്ട്, എന്നാല്‍ ഇവയുടെ ഉപയോഗം മനുഷ്യരെ ഏതെങ്കിലും രീതിയില്‍ ദോഷകരമായി ബാധിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഓപ്പണ്‍എഐയും എംഐടി മീഡിയ ലാബും നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. അമിതമായി ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍ ഏകാന്തതയിലേക്ക് പോകുന്നുവെന്നാണ് പഠനറിപ്പോര്‍ട്ട്. ഒരു വിഭാഗം ചാറ്റ്‌ബോട്ടിനോട് വൈകാരികമായി ഇടപഴകുന്നതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
പ്രധാനമായി രണ്ട് മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടന്നത്. ചാറ്റ്ജിപിടിയുമായി ഉപയോക്താക്കള്‍ നടത്തിയ ദശലക്ഷക്കണക്കിന് സംഭാഷണങ്ങള്‍ പഠനത്തിന്റെ ഭാഗമായി വിശകലനം ചെയ്തു. നാലായിരത്തോളം ചാറ്റ്‌ബോട്ട് ഉപയോക്താക്കളോട് അവരുടെ അനുഭവം പങ്കുവെക്കാനും ആവശ്യപ്പെട്ടു. അടുത്ത ഘട്ട പഠനത്തിന്റെ ഭാഗമായി എംഐടി മീഡിയ ലാബ് 1000 പേരെ തെരഞ്ഞെടുക്കുകയും ചാറ്റ്ജിപിടിയുമായുള്ള അവരുടെ സംഭാഷണങ്ങള്‍ നാലാഴ്ചത്തോളം നിരീക്ഷിക്കുകയും ചെയ്തു. ദിവസേന കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ചാറ്റ്ജിപിടിയുമായി സംസാരിക്കണമെന്നായിരുന്നു നിബന്ധന.
പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരു വിഭാഗം ചാറ്റ്ജിപിടിയെ കൂടുതല്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്തു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ കൂടുതല്‍ ഏകാന്തത അനുഭവിക്കുന്നതായാണ് കണ്ടെത്തിയത്. അതായത് ദിവസേന കൂടുതല്‍ നേരം ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരില്‍ ഏകാന്തത, മറ്റുള്ളവരുടെ ആശ്രയം വേണമെന്ന തോന്നല്‍, കുറഞ്ഞ സോഷ്യലൈസേഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
വോയ്‌സ് മോഡ്, സ്പീച്ച്-ടു-സ്പീച്ച് ഇന്റര്‍ഫേസ് ഉപയോഗിച്ച് ചാറ്റ്ജിപിടിയുമായി സംസാരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളും പഠനവിധേയമായിരുന്നു. ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്‌ബോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വോയ്സ് അധിഷ്ഠിത ചാറ്റ്‌ബോട്ടുകള്‍ ഏകാന്തതയും ആശ്രിതത്വവും ലഘൂകരിക്കുന്നതില്‍ തുടക്കത്തില്‍ പ്രയോജനകരമാണെന്ന് പഠനഫലങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഉയര്‍ന്ന ഉപയോഗം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം റിപ്പോര്‍ട്ട് പറയുന്നു. ചാറ്റ്ജിപിടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെങ്കിലും, ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ അവയുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് ചര്‍ച്ച ആരംഭിക്കാന്‍ ഈ പഠനം സഹായിച്ചേക്കുമെന്ന് പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഓപ്പണ്‍എഐ സുരക്ഷാ ഗവേഷകനായ ജേസണ്‍ ഫാങ് പറഞ്ഞു.
Content Highlights: ChatGPT Making Its Frequent Users More Lonely, Study Claims