ചാറ്റ്ജിപിടി മനുഷ്യരെപ്പോലെ, ഗ്രോക്ക് തമാശക്കാരന്‍; എന്തിനും ഉത്തരം നല്‍കുന്ന ചാറ്റ്‌ബോട്ടുകളുടെ സ്വഭാവമറിയാം

മറ്റ് എഐ ടൂളുകള്‍ നിഷ്പക്ഷമായുളള മറുപടികള്‍ നല്‍കുമ്പോള്‍ ഗ്രോക് സംഭവങ്ങള്‍ വിശകലനം ചെയ്ത് സത്യസന്ധമായ പ്രതികരണങ്ങളാണ് നല്‍കുന്നത്

dot image

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇപ്പോള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. നമ്മളില്‍ മിക്കവരും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനോ സ്‌റ്റോറിക്കോ ക്യാപ്ഷന്‍ തിരയുന്നതും അസൈന്‍മെന്റിന് ഉത്തരം കണ്ടെത്തുന്നതുമൊക്കെ എഐ ഉപയോഗിച്ചാണ്. കണ്ണടച്ചു തുറക്കുംമുന്‍പാണ് അത് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതും പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ പറഞ്ഞുതരുന്നതുമെല്ലാം. ചാറ്റ്ജിപിടി, ഗ്രോക്, പെര്‍പ്ലക്‌സിറ്റി എഐ, ഡീപ്‌സീക് എന്നിവയാണ് നിലവില്‍ ഏറ്റവും പ്രചാരമുളള എഐകള്‍. എന്നാല്‍ ഇവയെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ചാറ്റ് ജിപിടി

ഓപ്പണ്‍ എഐ ഡെവലപ് ചെയ്ത ടെക്സ്റ്റ് അധിഷ്ഠിത ചാറ്റുകള്‍ക്കായുളള ഒരു സ്മാര്‍ട്ട് വെര്‍ച്വല്‍ അസിസ്റ്റന്‍ഡാണ് ചാറ്റ് ജിപിടി. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഇമെയില്‍ ഡ്രാഫ്റ്റ് ചെയ്യാനും കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യാനും തുടങ്ങി ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും ഡാറ്റാ ചാര്‍ട്ടുണ്ടാക്കാനും വരെ ചാറ്റ് ജിപിടിക്കാവും. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് സന്ദര്‍ഭം മനസിലാക്കി വിശദമായ മറുപടികളാണ് ചാറ്റ് ജിപിടി പൊതുവെ നല്‍കുന്നത്. ഇതിന് മനുഷ്യനെപ്പോലെ ചാറ്റ് ചെയ്യാന്‍ കഴിയും. ഈ സവിശേഷത തന്നെയാണ് ചാറ്റ്ജിപിടിയെ ജനപ്രിയമാക്കുന്നത്. ഫ്രീ വേര്‍ഷന്‍ ഉണ്ട്. അതിനാല്‍ ചാറ്റ്ജിപിടിയ്ക്ക് ഉപയോക്താക്കളും കൂടുതലാണ്.

ഗ്രോക്
ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐയാണ് ഗ്രോക്ക് ഡെവലപ് ചെയ്തത്. ഗ്രോക്കിനെ മറ്റ് എഐ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ നര്‍മം കലര്‍ത്തിയുളള പ്രതികരണങ്ങളാണ്. മറ്റ് എഐ ടൂളുകള്‍ നിഷ്പക്ഷമായുളള മറുപടികള്‍ നല്‍കുമ്പോള്‍ ഗ്രോക് സംഭവങ്ങള്‍ വിശകലനം ചെയ്ത് സത്യസന്ധമായ പ്രതികരണങ്ങളാണ് നല്‍കുന്നത്. ഇത് പലപ്പോഴും വിവാദത്തിനും ഇടയാക്കാറുണ്ട്. അടുത്തിടെ ഇന്ത്യയിലും ഗ്രോക് നല്‍കിയ മറുപടികള്‍ വിവാദമായിരുന്നു.

പെര്‍പ്ലക്‌സിറ്റി എഐ
അരവിന്ദ് ശ്രീനിവാസന്‍, കാര്‍ത്തിക് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പെര്‍പ്ലക്‌സിറ്റി എഐ ഡെവലപ് ചെയ്തത്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ കണ്ടെത്തുന്നതും മനസിലാക്കുന്നതും എളുപ്പമാക്കുന്ന ഒരു എഐ അധിഷ്ഠിത സെര്‍ച്ച് എഞ്ചിനാണ് പെര്‍പ്ലക്‌സിറ്റി എഐ. സാധാരണ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് വിശദമായ ഉത്തരങ്ങള്‍ നല്‍കുകയും അതിന്റെ ഉറവിടങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ഇത് പെര്‍പ്ലക്‌സിറ്റിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം അനുബന്ധ വിഷയങ്ങള്‍ സജഷനായും പെര്‍പ്ലക്‌സിറ്റി നല്‍കും. പെര്‍പ്ലക്‌സിറ്റി എഐയെ ഒരു ഫാക്ട് ഫൈന്‍ഡിംഗ് ആന്‍ഡ് റിസര്‍ച്ച് ടൂളായി കാണാം.

ഡീപ്‌സീക്ക്
ഒരു ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പാണ് ഡീപ്‌സീക്ക്. ലിയാങ് വെന്‍ഫെങ് ആണ് ഇതിന്റെ ഫൗണ്ടര്‍. ടെക്‌നിക്കലും റിസര്‍ച്ച് റിലേറ്റഡുമായ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന എഐ ചാറ്റ്‌ബോട്ടാണ് ഡീപ്പ് സീക്ക്. ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങള്‍ നല്‍കാനുളള കഴിവ് ഡീപ്‌സീക്കിനുണ്ട്. എന്നാല്‍ ഇത് നല്‍കുന്ന ഉത്തരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഡീപ്‌സീക്കിന് ചില രാജ്യങ്ങളില്‍ നിയന്ത്രണമുണ്ട്. രാഷ്ട്രീയമായി സെന്‍സിറ്റീവായ വിഷയങ്ങള്‍, പ്രത്യേകിച്ചും ചൈനയുമായി ബന്ധപ്പെട്ടവയ്ക്ക് ഡീപ്‌സീക്ക് മറുപടി നല്‍കാറില്ല. ചൈനയുടെ പ്രതിച്ഛായക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന എഐ ചാറ്റ് ബോട്ടാണ് ഡീപ്‌സീക്ക്.

എങ്ങനെയാണ് ഇവ പരസ്പരം വ്യത്യസ്തമാകുന്നത് ?

ഈ ചാറ്റ്‌ബോട്ടുകള്‍ തമ്മിലുളള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ അവയുടെ ഇന്റര്‍ഫേസിലും വിവരങ്ങള്‍ നല്‍കുന്നതിലുളള സമീപനത്തിലുമാണുളളത്. ടെക്സ്റ്റ് അടിസ്ഥാനമാക്കിയുളള സെര്‍ച്ചുകള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ്ജിപിടി മികച്ചതാണ്. വിശദമായ ഉത്തരങ്ങള്‍ നല്‍കുന്നതിലും അതിന്റെ ഉറവിടം വ്യക്തമാക്കുന്നതിലുമാണ് പെര്‍പ്ലക്‌സിറ്റി എഐ വ്യത്യസ്തമാകുന്നത്. ഡീപ്‌സീക്ക് വിഷയങ്ങളെ വിശകലനം ചെയ്താണ് മറുപടി നല്‍കുന്നത്. ഗ്രോക് കൂടുതല്‍ രസകരവും സത്യസന്ധവുമായ മറുപടികളാണ് നല്‍കുന്നത്. ഇവയെല്ലാം മറുപടികള്‍ നല്‍കാനായി നാച്യുറല്‍ ലാങ്വേജ് പ്രൊസസിംഗ് (NLP) ആണ് ഉപയോഗിക്കുന്നത്.

എങ്ങനെയാണ് എഐ മറുപടികള്‍ നല്‍കുന്നത്?

ഉപയോക്താവ് ഒരു ചോദ്യം ചോദിക്കുമ്പോള്‍ അവിടെ ആദ്യം നടക്കുക ഇന്‍പുട് പ്രൊസസിംഗ് ആണ്. ഉപയോക്താവിന്റെ ടെക്‌സ്റ്റിനെ എഐ അതിന് മനസിലാകുന്ന ഫോര്‍മാറ്റിലേക്ക് മാറ്റും. ചോദ്യത്തിന് ഉത്തരം നല്‍കാനുളള ശരിയായ എഐ മോഡല്‍ ഇത് തെരഞ്ഞെടുക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി അത് മുന്‍കാല ഡേറ്റയാണ് ഉപയോഗിക്കുക. ശേഷം ഔട്ട്പുട് റിഫൈന്‍മെന്റ് നടക്കും. കൃത്യവും വ്യക്തവുമായ മറുപടി തെരഞ്ഞെടുക്കുക ഈ ഘട്ടത്തിലാണ്. തുടര്‍ന്ന് ഉത്തരം ഉപയോക്താവിന് ടെക്‌സ്റ്റ് രൂപത്തില്‍ നല്‍കും. ചില എഐകള്‍ ഉപയോക്താവ് നല്‍കുന്ന ഫീഡ്ബാക്കുകളില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യും. ഇതെല്ലാം കണ്ണിമ വെട്ടുന്ന നേരത്തിലാണ് നടക്കുക.

Content Highlights: Difference Between ChatGPT, Grok, Perplexity AI And DeepSeek

dot image
To advertise here,contact us
dot image