
ഇന്ത്യയിലാകെ 1.2 ബില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 950 മില്യണിലധികം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. സ്മാര്‍ട്ട് ഫോണില്‍ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ച സമയത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 2024ല്‍ 1.1 ലക്ഷം കോടി മണിക്കൂറാണ് ഇന്ത്യക്കാര്‍ ഫോണില്‍ ചെലവഴിച്ചത്. ഗ്ലോബല്‍ മാനേജിങ് കണ്‍സള്‍ട്ടന്‍സിയായ ഇവൈയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കുറഞ്ഞ ഇന്റര്‍നെറ്റ് നിരക്ക് ഇന്‍സ്റ്റഗ്രാം മുതല്‍ നെറ്റ്ഫ്‌ളിക്‌സ് വരെ കൂടുതല്‍ ആളുകളിലേക്കെത്താന്‍ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ആളുകളും ദിവസേന ശരാശരി അഞ്ച് മണിക്കൂര്‍ വരെ മൊബൈലില്‍ ചെലവഴിക്കുന്നുണ്ട്. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലായും ഗെയിമിങ്ങിലും വീഡിയോകള്‍ കാണാനുമായാണ് കൂടുതല്‍ പേരും സമയം ചെലവിടുന്നതെന്നും ഇവൈയുടെ ആനുവല്‍ എന്റര്‍ടെയിന്‍മെന്റ് റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല 2024ല്‍ 2.5 ലക്ഷം കോടിയോളം രൂപയുടെ വരുമാനമാണ് നേടിയത്.
മൊബൈലില്‍ ആളുകള്‍ ചെലവിടുന്ന സമയത്തിന്റെ കാര്യത്തില്‍ ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഓണ്‍ലൈന്‍ വിപണിയിലെ ഇന്ത്യക്കാരുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം, മെറ്റ, ആമസോണ്‍ തുടങ്ങിയ ആഗോള ടെക് ഭീമന്മാര്‍ക്കിടയിലും, മുകേഷ് അംബാനി, ഇലോണ്‍ മസ്‌ക് തുടങ്ങിയ ശതകോടീശ്വരന്മാര്‍ക്കിടയിലും മത്സരം ശക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍മീഡിയ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടെലിവിഷന്‍, പ്രിന്റ്, റേഡിയോ തുടങ്ങിയ മാധ്യമങ്ങളുടെ വരുമാനത്തില്‍ ഇടിവുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Indians spend 1.1 lakh crore hours on their phones, report