
ചില അജ്ഞാത നമ്പറില്‍നിന്ന് കോളുകള്‍ ഫോണിലേക്ക് വരുമ്പോള്‍ നമ്മള്‍ വിചാരിക്കാറില്ലേ ഇതാരാണ് വിളിക്കുന്നത്, എന്തെങ്കിലും ട്രാപ്പാണോ എന്നൊക്കെ? ചിലര്‍ക്ക് വിളിച്ചതാരാണെന്ന് കണ്ടെത്താന്‍ ട്രൂകോളര്‍ പോലെയുളള ആപ്പുകള്‍ ഉണ്ടാകും. എന്നാല്‍ ഇങ്ങനെയുള്ള മൂന്നാം കക്ഷി ആപ്പുകളുടെ സഹായമില്ലാതെതന്നെ നിങ്ങളുടെ ഫോണില്‍ വരുന്ന ഏതൊരാളുടെയും പേര് കാണാന്‍ സാധിക്കും.
ഇന്ത്യയിലെ മുന്‍നിര ടെലകോം ഓപ്പറേറ്റര്‍മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, എയര്‍ടെല്‍, റിലയന്‍സ് ജിയോ, ഇന്‍ഫോകോം ലിമിറ്റഡ് എന്നിവ എച്ച് പി , ഡെല്‍, എറിക്‌സണ്‍, നോക്കിയ തുടങ്ങിയ ആഗോള കമ്പനികളുമായി സഹകരിച്ച് ഈ സവിശേഷത നടപ്പിലാക്കുന്നതിന് ആവശ്യമായ സെര്‍വ്വറുകളും സോഫ്റ്റ്‌വെയറുകളും വികസിപ്പിക്കാനൊരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ടെലകോം കമ്പനികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സര്‍ക്കിളുകളില്‍ കോളിംഗ് നെയിം പ്രസന്റേഷന്‍(CNAP) പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യ സ്ഥിരത കൈവരിക്കുമ്പോള്‍ ഘട്ടം ഘട്ടമായി സേവനം അവതരിപ്പിക്കും.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2024 ഫെബ്രുവരിയില്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും CNAP നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുകയും ടെലകോം ഓപ്പറേറ്റര്‍മാരെ ഈ സേവനം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അജ്ഞാതരായവരും സ്പാം കോളര്‍മാരുടെയും ഇടയില്‍നിന്നുള്ള ഉപഭോക്തൃ ശല്യം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2025 ജനുവരിയില്‍ ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് ടെലികോം ഓപ്പറേറ്റര്‍മാരോട് മൊബൈല്‍ ഫോണുകളില്‍ ഈ സേവനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്‍കമിംഗ് കോളുകള്‍ക്ക് പേര് പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കുക എന്നതാണ് പദ്ധതി.
മൊബൈല്‍ ഫോണില്‍ സിഎന്‍എപി നടപ്പിലാക്കുമ്പോള്‍, ടെലികോം കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകും. തുടക്കത്തില്‍ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ മാത്രമേ സ്‌ക്രീനില്‍ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവില്‍ നിന്ന് കോള്‍ ലഭിക്കുകയാണെങ്കില്‍, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയര്‍ടെല്‍ ഉപയോക്താവ് ഇയാളെ വിളിച്ചാല്‍, അയാളുടെ പേര് സ്‌ക്രീനില്‍ ദൃശ്യമാകില്ല. ടെലികോം കമ്പനികള്‍ക്കിടയില്‍ ഉപഭോക്തൃ ഡാറ്റ പങ്കിടാന്‍ സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം. പക്ഷേ സാങ്കേതിക പരിമിതികള്‍ മൂലം ഫീച്ചര്‍ ഫോണ്‍, 2G ഉപയോക്താക്കള്‍ക്ക് ഈ സേവനം സാധ്യമാകില്ല.
Content Highlights :No need for True Caller, there is a way to identify unknown numbers coming to your phone