
ഡേറ്റിംഗ് ആപ്പുകളില്‍ നിങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്നും അവ ലീക്കാവാന്‍ സാധ്യതയുണ്ടെന്നും നിങ്ങള്‍ക്കറിയാമോ? ഡേറ്റിംഗ് ആപ്പുകളില്‍ നിന്ന് പാസ്വേര്‍ഡ് സംരക്ഷണമില്ലാതെ 1.5 ദശലക്ഷം ഫോട്ടോകളാണ് ഓണ്‍ലൈനില്‍ കണ്ടെത്തിയത്. സ്വകാര്യ ചിത്രങ്ങളുള്‍പ്പെടെ അതില്‍ ഉള്‍പ്പെടുന്നു. എംഎഡി മൊബൈല്‍ എന്ന കമ്പനി സൃഷ്ടിച്ച ബിഡിഎസ്എം പീപ്പിള്‍, ചിക്ക, പിങ്ക്, ബ്രിഷ്, ട്രാന്‍സ് ലവ് എന്നീ ആപ്പുകളില്‍ നിന്നുളള ചിത്രങ്ങളാണ് ലീക്കായത്. എട്ടുലക്ഷം മുതല്‍ ഒന്‍പതുലക്ഷം വരെ ഉപയോക്താക്കളാണ് ഈ ആപ്പുകള്‍ക്ക് ഉണ്ടായിരുന്നത്. പ്രശ്നം പരിഹരിച്ചതായി എംഎഡി മൊബൈല്‍സ് വ്യക്തമാക്കി. എന്നാല്‍ എങ്ങനെയാണ് ചിത്രങ്ങള്‍ ലീക്കായതെന്നോ എന്തുകൊണ്ടാണ് അവ അണ്‍പ്രൊട്ടക്ടടായിരുന്നതെന്നോ അവര്‍ വിശദീകരണം നല്‍കിയില്ല.
സൈബര്‍ ന്യൂസിലെ എത്തിക്കല്‍ ഹാക്കറായ അരാസ് നസറോവാസ് ആപ്പിന്റെ കോഡ് നോക്കിയാണ് പ്രശ്നം കണ്ടെത്തിയത്. അണ്‍പ്രൊട്ടക്ടഡ് ചിത്രങ്ങള്‍ വളരെ ഈസിയായി ആക്സസ് ചെയ്യാമെന്ന് കണ്ട് താന്‍ അത്ഭുതപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 'ഞാന്‍ ആദ്യം പരിശോധിച്ചത് ബിഡിഎസ്എം പീപ്പിള്‍ എന്ന ആപ്പായിരുന്നു. മുപ്പതുവയസ് പ്രായമുളള ഒരു പുരുഷന്റെ നഗ്‌നചിത്രമാണ് ആദ്യം കണ്ടത്. ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്ത അത്രയും സ്വകാര്യമായ ചിത്രങ്ങളാണ് പുറത്തുവന്നത്. ഡേറ്റിംഗ് ആപ്പുകളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍, സ്വകാര്യ മെസേജുകള്‍ തുടങ്ങി ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ പോലും കണ്ടെത്താനായി എന്നത് പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.'-അരാസ് പറഞ്ഞു.
എല്‍ജിബിടിക്യു വിഭാഗങ്ങളെ അംഗീകരിക്കാത്ത രാജ്യങ്ങളിലുളള വ്യക്തികളെ ഇത് അപകടത്തിലാക്കുമെന്നും ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ ഈ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചിത്രങ്ങളില്‍ ഉപയോക്താക്കളുടെ പേരുകള്‍ ഇല്ലെന്നതും അവയൊന്നും യഥാര്‍ത്ഥ പേരുകളല്ലെന്നതും ഹാക്കര്‍മാര്‍ക്ക് വ്യക്തികളെ ടാര്‍ഗെറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കും. എങ്കിലും അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്- അരാസ് നസറോവാസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Your Private Dating App Photos May Have Been Leaked Online