
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓപ്പണ്‍എഐ നിര്‍മ്മിതബുദ്ധി ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പുതിയ സ്റ്റുഡിയോ ജിബ്ലി ഇമേജ് ജനറേറ്ററാണ് ചാറ്റ് ബോട്ടിനെ വാര്‍ത്തകളില്‍ നിറച്ച ഒരു ഘടകം. സ്വന്തം ജിബ്ലി ഇമേജ് ഉണ്ടാക്കാന്‍ ആളുകള്‍ മത്സരിക്കുമ്പോള്‍ ഇതുണ്ടാക്കുന്ന സുരക്ഷാഭീഷണിയും ചര്‍ച്ചയായിരുന്നു. ഇതിനിടെ ചാറ്റ്ജിപിടി ഉപയോഗിച്ച് ആധാര്‍, പാന്‍ കാര്‍ഡുകളുടെ മാതൃകയില്‍ വ്യാജ ഐഡികാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന പ്രചരണവും സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ചു. എഐ ചാറ്റ്‌ബോട്ട് ഉണ്ടാക്കുന്ന സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടിയാണ് പലരും ഈ സന്ദേശങ്ങള്‍ പങ്കുവെച്ചത്.
ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷന്‍ കഴിവുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എഐ നിയന്ത്രിക്കണമെന്നും ആവശ്യങ്ങളുയരുന്നുണ്ട്. 'വ്യാജ ആധാര്‍, പാന്‍ കാര്‍ഡുകള്‍ എന്നിവ ചാറ്റ്ജിപിടി തല്‍ക്ഷണം സൃഷ്ടിക്കുന്നു. ഇത് ഗുരുതരമായ അപകടമാണ്. ഇതുകൊണ്ട് തന്നെയാണ് എഐ ഒരു പരിധി വരെ നിയന്ത്രിക്കേണ്ടത്', എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്.
ചാറ്റ്ജിപിടിക്ക് വ്യാജ ആധാര്‍, പാന്‍ കാര്‍ഡുകള്‍ സൃഷ്ടിക്കാനാകുമോ എന്ന് പരിശോധിക്കാന്‍, ഐഡി കാര്‍ഡുകള്‍ സൃഷ്ടിക്കാന്‍ എഐ ചാറ്റ് ബോട്ടിനോട് റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ഇതിന് സാധിക്കില്ലെന്നാണ് ചാറ്റ് ജിപിടി നല്‍കിയ മറുപടി. ആധാര്‍, പാന്‍ പോലുള്ള ഔദ്യോഗിക രേഖകള്‍ സൃഷ്ടിക്കാനോ മാറ്റം വരുത്താനോ തനിക്ക് സാധിക്കില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും എത്തിക്കല്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചാറ്റ്‌ബോട്ട് മറുപടി നല്‍കി. പഠനാവശ്യങ്ങള്‍ക്കോ പ്രൊജക്ടുകള്‍ പോലുള്ളവയ്‌ക്കോ വേണ്ടി ഡമ്മി വേര്‍ഷന്‍ തനിക്ക് ക്രിയേറ്റ് ചെയ്യാനാകുമെന്നും ചാറ്റ്ജിപിടി വ്യക്തമാക്കി.
ആധാറോ പാന്‍ കാര്‍ഡോ ആവശ്യമുള്ളവര്‍ UIDAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുള്ള ഒരു സര്‍ട്ടിഫൈഡ് ആധാര്‍ എന്റോള്‍മെന്റ് സന്ദര്‍ശിക്കുകകയാണ് വേണ്ടതെന്നും ചാറ്റ്ജിപിടി പറയുന്നു. അതേസമയം പേര്, ഫോണ്‍ നമ്പര്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്‌ബോട്ടുകളുമായി പങ്കുവെക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Content Highlights: Can ChatGPT Make 'Fake' Aadhaar, PAN Card Images?