
2030 ആകുമ്പോഴേക്ക് എജിഐ മനുഷ്യരാശിയെ തന്നെ അപകടത്തിലാക്കുമെന്ന് ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ്. ഗൂഗിള്‍ ഡീപ്‌മൈന്‍ഡില്‍ നിന്നുളള പുതിയ പഠനം പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്നറിയപ്പെടുന്ന ഹ്യുമണ്‍ ലെവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2030 ഓടെ വരുമെന്നാണ്. എജിഐ വളരെ ശക്തമായതായിരിക്കുമെന്നും അതുകൊണ്ടാണ് അത് മനുഷ്യരാശിയെ അപകടത്തിലാക്കാമെന്നും പഠനം വിശദീകരിക്കുന്നു. ഡീപ്‌മൈന്‍ഡ് സഹസ്ഥാപകനായ ഷെയ്ന്‍ ലെഗ് എഴുതിയ റിപ്പോര്‍ട്ടില്‍ എജിഐ എങ്ങനെയാണ് മനുഷ്യരാശിയുടെ അന്ത്യത്തിന് കാരണമാവുക എന്ന് കൃത്യമായി വിശദീകരിക്കുന്നില്ല പകരം എജിഐ അപകടകരമാകാതിരിക്കാന്‍ ഗൂഗിളടക്കമുളള കമ്പനികള്‍ എടുക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചാണ് പറയുന്നത്.
ഡീപ്‌മൈന്‍ഡ് പറയുന്നതനുസരിച്ച് അപകടസാധ്യതകളെ നാലായി തിരിക്കാം. ഒന്ന്: ആളുകള്‍ എഐയെ മറ്റുളളവരെ ഉപദ്രവിക്കാനായി ഉപയോഗിക്കും, രണ്ട്: തെറ്റായ ക്രമീകരണം; അതായത് എഐയുടെ ലക്ഷ്യങ്ങള്‍ മാനുഷിക മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തപ്പോള്‍, മൂന്ന്: എഐ തെറ്റുകള്‍ വരുത്തുമ്പോള്‍, നാല്: ഘടനാപരമായ അപകട സാധ്യതകള്‍ അതായത് എഐ സിസ്റ്റങ്ങള്‍ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നത്. മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനായി എഐയുടെ ദുരുപയോഗം തടയാന്‍ ഡീപ് മൈന്‍ഡ് എങ്ങനെ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ചും പഠനം വ്യക്തമാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഡീപ് മൈന്‍ഡ് സിഇഒ ഡെമിസ് ഹസാബിസ് പറഞ്ഞത് അടുത്ത അഞ്ചുമുതല്‍ പത്തുവര്‍ഷത്തിനുളളില്‍ എജിഐ ഉയര്‍ന്നുവരുമെന്നാണ്. എജിഐ സുരക്ഷിതമായി വികസിപ്പിച്ചെടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ യുഎന്‍ പോലുളള ഒരു ആഗോള സംഘടന സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമല്ലാത്ത എഐ പദ്ധതികള്‍ നിരീക്ഷിക്കുന്നതിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പോലെ ഒരു സംഘടനയുണ്ടാവണമെന്ന് ഹസാബിസ് പറഞ്ഞു. എജിഐ എങ്ങനെ ഉപയോഗിക്കണമെന്നും നിയന്ത്രിക്കണമെന്നും ലോകരാജ്യങ്ങള്‍ കൂട്ടായി നിന്ന് തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് എജിഐ
നാം നിലവില്‍ കാണുന്ന എഐയേക്കാള്‍ വളരെ പുരോഗമിച്ച ഒരു തരം എഐയാണ് എജിഐ. ഒരു സമയം ഒരു ടാസ്‌ക് മാത്രം ചെയ്യാന്‍ കഴിയുന്ന എഐയില്‍ നിന്ന് വ്യത്യസ്തമായി ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതുപോലെ നിരവധി വ്യത്യസ്ത ടാസ്‌കുകള്‍ ചെയ്യാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും കഴിയുന്ന തരത്തിലാണ് എജിഐ രൂപകല്‍പ്പന ചെയ്യുന്നത്. മനുഷ്യ മസ്തിഷ്‌കം പോലെ പല മേഖലകളിലും അറിവ് സമ്പാദിക്കാനും അവ വേണ്ടയിടത്ത് ഉപയോഗിക്കാനും എജിഐയ്ക്കാവും.
Content Highlights: AGI could arrive by 2030 and destroy mankind google deepmind report