ട്രംപിന്റെ താരിഫുകൾ ഇരട്ടിഭാരം; ഐഫോണ്‍ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുമോ ?

നിലവിൽ ആഗോള ഐഫോൺ ഉൽപാദനത്തിന്റെ 14% ഇന്ത്യയിലാണ്

dot image

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചത്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി അതാത് രാജ്യങ്ങൾ പ്രഖ്യാപിച്ച താരിഫുകളുടെ പകുതി അധിക താരിഫ് ആയി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ചൈനയ്ക്ക് ആയിരുന്നു ഇതിൽ ഏറ്റവും കൂടുതൽ പണി കിട്ടിയത്. 54 ശതമാനമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നൽകേണ്ടത്.

ആപ്പിൾ അടക്കമുള്ള നിരവധി കമ്പനികൾക്കാണ് ഇത് തിരിച്ചടിയായത്. കണക്കുകൾ പ്രകാരം ആപ്പിളിന്റെ ഉൽപ്പാദന ശേഷിയുടെ 80% ചൈനയിലാണ് നടക്കുന്നത്. ഏകദേശം 90% ഐഫോണുകളും ചൈനയിലാണ് അസംബിൾ ചെയ്യുന്നതെന്ന് എവർകോർ ഐഎസ്ഐ വ്യക്തമാക്കിയിരുന്നു.

ആപ്പിളിന്റെ മൊത്തം വിതരണത്തിന്റെ 40% ചൈനീസ് വിതരണക്കാരാണ്. നിലവിൽ ആപ്പിളിന്റെ 55% മാക് ഉൽപ്പന്നങ്ങളും 80% ഐപാഡുകളും ചൈനയിലാണ് അസംബിൾ ചെയ്യുന്നത്. ചൈനയ്ക്ക് പുതിയ താരിഫ് പ്രഖ്യാപിച്ചതോടെ ആപ്പിളിന് ഇരട്ടി പ്രഹരമാവും. അധികമായി വരുന്ന ചെലവുകൾ ഉപഭോക്താക്കളുമായി പങ്കുവയ്ക്കാൻ ആപ്പിൾ തീരുമാനിച്ചാൽ പല ആപ്പിൾ ഉൽപന്നങ്ങൾക്കും ഇപ്പോൾ ഉള്ളതിനെക്കാൾ വില വർധിക്കും.

ഐഫോൺ 16 പ്രോ ഫോണിന് രണ്ട് ലക്ഷത്തോളം രൂപ വിലയാവുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഐഫോൺ അടക്കമുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റിയേക്കാമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ചൈനയേക്കാൾ താരിഫ് കുറഞ്ഞ സ്ഥലമായത് കൊണ്ട് ഇന്ത്യയ്ക്ക് ഈ നീക്കം ഗുണമാവുമെന്നാണ് ചില വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്.

നിലവിൽ ആഗോള ഐഫോൺ ഉൽപ്പാദനത്തിന്റെ 14% ഇന്ത്യയിലാണ്. ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ അമേരിക്ക ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചൈനയും വിയറ്റ്‌നാമുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ചൈനയ്ക്ക് 54 ശതമാനവും വിയറ്റ്‌നാമിന് 46 ശതമാനവുമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന താരിഫ്. നിലവിൽ ടാറ്റയുമായി കൈകോർത്ത് ഇന്ത്യയിൽ കൂടുതൽ പ്ലാന്റുകൾ നിർമിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്.

2025 അവസാനത്തോടെ ഇന്ത്യയുടെ ഐഫോൺ ഉൽപ്പാദന ശേഷി 15%-20% ആയി വർദ്ധിച്ചേക്കുമെന്നാണ് ബെർൺസ്‌റ്റൈൻ വിശകലന വിദഗ്ധർ കണക്കാക്കുന്നത്. നിലവിൽ 10% മുതൽ 15% വരെ ഐഫോണുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നുണ്ടെന്ന് എവർകോർ ഐഎസ്‌ഐ ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ ഇന്ത്യ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ കയറ്റുമതി ചെയ്തതായാണ് കണക്കുകൾ. 2023 ൽ ഇത് 60,000 കോടി രൂപയായിരുന്നു.

എന്നാൽ ട്രംപിന്റെ താരിഫ് ഇന്ത്യയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുകയെന്നും വിലയിരുത്തുന്നവർ ഉണ്ട്. നിലവിൽ ഇന്ത്യയ്ക്ക് 26 ശതമാനം താരിഫ് അമേരിക്ക ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയേക്കാൾ താരിഫ് കുറഞ്ഞ ബ്രസീൽ, തുർക്കി, സൗദി അറേബ്യ, യുഎഇ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം മാറ്റാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Trump's tariffs burden Will iPhone manufacturing be shifted from China to India?

dot image
To advertise here,contact us
dot image