
സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കി നല്‍കാത്ത സ്ഥാപനത്തിനെതിരെ നടപടിയുമായി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഫോണിന്റെ തകരാര്‍ പരിഹരിച്ച് നല്‍കുന്നതിനൊപ്പം നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. കൊച്ചി പെന്റ മേനകയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകള്‍ സ്വദേശി കുര്യാക്കോസാണ് പരാതി നല്‍കിയത്.
2022 ഡിസംബറിലായിരുന്നു രണ്ട് ഐഫോണുകള്‍ ശരിയാക്കാന്‍ കുര്യാക്കോസ് സ്ഥാപനത്തെ സമീപിച്ചത്. ഇതിനായി 13,700 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍വീസ് ചാര്‍ജ് വാങ്ങിയിട്ടും ഫോണ്‍ ശരിയാക്കി നല്‍കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തുകയായിരുന്നു. മാത്രമല്ല പണം തിരികെ നല്‍കാനും ഇവര്‍ തയ്യാറായില്ലെന്നായിരുന്നു പരാതി.
ഇതോടെയാണ് കുര്യാക്കോസ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 30 ദിവസത്തിനകം ഫോണ്‍ ശരിയാക്കി പരാതിക്കാരന് നല്‍കണമെന്ന് ഉത്തരവിലുണ്ട്. ഇതിന് സാധിച്ചില്ലെങ്കില്‍ പരാതിക്കാരന്റെ പക്കല്‍ നിന്ന് കൈപ്പറ്റിയ സര്‍വീസ് ചാര്‍ജ് തിരികെ നല്‍കണം.
പരാതിക്കാരന്‍ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസിന്റെ നടത്തിപ്പിനായി ചെലവാക്കിയ 3000 രൂപയും നല്‍കണം. 45 ദിവസത്തിനകം തുക നല്‍കണം. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Content Highlights: Mobile repair firm in Kochi fined