
പല സേവനങ്ങളിലൂടെ ഗൂഗിള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ബ്രൗസിങിന് മുതല്‍ യുപിഐ പേമെന്റുകള്‍ക്ക് വരെ ഗൂഗിളിനെ ആശ്രയിക്കാതെ ഒരു ദിവസം പോലും കടന്നുപോകില്ല. ഈ ഗൂഗിളിന്റെ ഡൊമെയ്ന്‍ അതായത് google.com കുറച്ചു നേരത്തേക്കെങ്കിലും മറ്റൊരാള്‍ സ്വന്തമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചുനോക്കൂ. 2015-ലായിരുന്നു ആ സംഭവം. ഡൊമെയ്ന്‍ സ്വന്തമാക്കിയതാകട്ടെ ഒരു ഇന്ത്യക്കാരനും. വെറും 12 ഡോളറിനാണ് സന്‍മയ് വേദ് എന്നയാള്‍ ഗൂഗിള്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയത്.
ഗുജറാത്ത് സ്വദേശിയായ സന്‍മയ് ഗൂഗിള്‍ ജീവനക്കാരനായിരുന്നു. 2025 സെപ്റ്റംബര്‍ 29നാണ് വില്‍പ്പനയ്ക്ക് ലഭ്യമായ ഡൊമെയ്‌നുകളുടെ പട്ടികയില്‍ 'google.com' സന്‍മയ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ 12 ഡോളര്‍ നല്‍കി ഇത് സ്വന്തമാക്കുകയും ചെയ്തു. പിശക് പറ്റിയത് മനസിലാക്കി ഇടപാട് റദ്ദാക്കുന്നതിന് മുമ്പ് തന്നെ ഗൂഗിളിന്റെ വെബ്മാസ്റ്റര്‍ ടൂളുകളിലേക്കുള്ള ആക്‌സസും സന്‍മയ് സ്വന്തമാക്കി. സന്‍മയുടെ കണ്ടെത്തലിന് വന്‍തുകയാണ് ഗൂഗിള്‍ പ്രതിഫലം വാഗ്ദാനം ചെയ്തത്. ഗൂഗിളിന്റെ ന്യൂമറിക്കല്‍ വേര്‍ഷന്‍ എന്ന നിലയില്‍ 6006.13 ഡോളറാണ് ഗൂഗിള്‍ സന്‍മയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
ഗൂഗിള്‍ നല്‍കിയ തുക ചാരിറ്റിക്കായി ഉപയോഗിക്കാന്‍ സന്‍മയ് തീരുമാനിച്ചു. ഇതറിഞ്ഞ ഗൂഗിള്‍ തങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി. എട്ട് സംസ്ഥാനങ്ങളിലായി 404 സൗജന്യ സ്‌കൂളുകള്‍ നടത്തുന്ന, പിന്നോക്ക മേഖലകളിലെ 39000-ലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ഒരു ചാരിറ്റി ഫൗണ്ടേഷാണ് പ്രതിഫലമായി ലഭിച്ച തുക മുഴുവന്‍ സംഭാവന ചെയ്യാന്‍ സന്‍മയ് തീരുമാനിച്ചത്.
ഡൊമെയ്ന്‍ വാങ്ങിയതിന് ശേഷം ഗൂഗിള്‍ തന്നെ ബ്ലോക്ക് ചെയ്യുമെന്നാണ് കരുതിയതെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നുമാണ് സന്‍മയ് സമൂഹമാധ്യമത്തില്‍ പിന്നീട് കുറിച്ചത്. ഒരു മിനിറ്റോളമാണ് ആ ട്രാന്‍സാക്ഷന്‍ നീണ്ടുനിന്നത്. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗൂഗിള്‍ ഉപയോക്താക്കളില്‍ നിന്ന് നിരവധി വിവരങ്ങള്‍ തനിക്ക് ലഭിച്ചു. ഇതിന് പിന്നാലെ ട്രാന്‍സാക്ഷന്‍ കാന്‍സല്‍ ചെയ്യുന്നതായി അറിയിച്ച് ഗൂഗിളില്‍ നിന്ന് ഇമെയില്‍ ലഭിച്ചുവെന്നും സന്‍മയ് പറയുന്നു.
Content Highlights: Google Domain Was Once Sold To An Indian Man, Here's What Happened Next