ഇതെന്ത് പറ്റി! രാജ്യവ്യാപകമായി തടസം നേരിട്ട് യുപിഐ സേവനങ്ങള്‍

നിരവധി ഉപഭോക്താക്കളാണ് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്

dot image

ഇന്ത്യയിലുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ജനപ്രിയ യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രാന്‍സാക്ഷനുകളാണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐ-യെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്. ഓണ്‍ലൈന്‍ സേവന പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പേര്‍ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഏപ്രില്‍ 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല്‍ അധികം പരാതികള്‍ ലഭിച്ചതായാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 66 ശതമാനം ഉപയോക്താക്കള്‍ ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി പറഞ്ഞപ്പോള്‍, 34 ശതമാനം പേര്‍ ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് യുപിഐ സേവനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല. അടുത്തിടെ പലതവണ ഇത്തരത്തില്‍ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. 20 ദിവസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ രണ്ടിനും മാര്‍ച്ച് 26നുമാണ് നേരത്തെ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടത്.

Content Highlights: UPI Down, Paytm, PhonePe, Google Pay Not Working, Users Report Massive Outage

dot image
To advertise here,contact us
dot image