
കിരൺ റാവു സംവിധാനം ചെയ്ത് നിതാൻഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ, പ്രതിഭ രന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലാപതാ ലേഡീസ്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് ഏറെ നിരൂപക-പ്രേക്ഷക പ്രശംസകൾ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ലാപതാ ലേഡീസ് അറബിക് ചിത്രം ‘ബുര്ഖ സിറ്റി’യുടെ കോപ്പിയടിയാണെന്നാണ് ആരോപണം ഉയർന്നു വന്നിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ എഴുത്തുകരാനായ ബിപ്ലബ് ഗോസ്വാമി. തങ്ങളുടെ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും 100% ഒറിജിനൽ ആണ്. ചിത്രം കോപ്പിയടി ആണ് എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളെല്ലാം അസത്യമാണ് എന്നും ബിപ്ലബ് ഗോസ്വാമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ബിപ്ലബ് ഗോസ്വാമിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി കിരൺ റാവു ഒരുക്കിയ ചിത്രമാണ് ലാപതാ ലേഡീസ്.
ബിപ്ലബ് ഗോസ്വാമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം :
ലാപതാ ലേഡീസിന്റെ തിരക്കഥ വർഷങ്ങളോളം എടുത്ത് ഞങ്ങൾ വികസിപ്പിച്ചെടുത്തതാണ്. 2014 ജൂലൈ 3-ന് 'ടു ബ്രൈഡ്സ്' എന്ന വർക്കിംഗ് ടൈറ്റിലിൽ മുഴുവൻ കഥയും വിവരിക്കുന്ന ചിത്രത്തിന്റെ വിശദമായ സംഗ്രഹം ഞാൻ ആദ്യം സ്ക്രീൻ റൈറ്റേഴ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തു. ഈ രജിസ്റ്റർ ചെയ്ത സംഗ്രഹത്തിൽ പോലും, വരൻ തെറ്റായ വധുവിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതും മൂടുപടം കാരണം തന്റെ തെറ്റ് മനസ്സിലാക്കി ഞെട്ടിപ്പോവുകയും കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം അസ്വസ്ഥനാകുകയും ചെയ്യുന്ന ഒരു രംഗം വ്യക്തമായി വിവരിക്കുന്നുണ്ട്. ഇവിടെയാണ് കഥ ആരംഭിക്കുന്നത്.
വിഷമിച്ച വരൻ പോലീസ് സ്റ്റേഷനിൽ പോയി തന്റെ കാണാതായ വധുവിന്റെ ഒരേയൊരു ഫോട്ടോ പോലീസ് ഉദ്യോഗസ്ഥനെ കാണിക്കുന്ന രംഗത്തെക്കുറിച്ചും ഞാൻ വ്യക്തമായി എഴുതിയിരുന്നു, പക്ഷേ വധുവിന്റെ മുഖം ഒരു മൂടുപടം കൊണ്ട് മൂടിയിരുന്നു, ഇത് ഒരു ഹാസ്യ നിമിഷത്തിന് കാരണമായി. 2018 ജൂൺ 30-ന്, ഞാൻ 'ടു ബ്രൈഡ്സ്' എന്ന ഫീച്ചർ-ലെങ്ത് സ്ക്രിപ്റ്റ് SWA-യിൽ രജിസ്റ്റർ ചെയ്തു. 2018-ലെ സിനിസ്റ്റാൻ സ്റ്റോറിടെല്ലേഴ്സ് മത്സരത്തിൽ ഈ തിരക്കഥ റണ്ണർ-അപ്പ് അവാർഡ് നേടി. ആ തിരക്കഥയിലും മൂടുപടം ധരിച്ച വധുവിന്റെ ഫോട്ടോ കണ്ട് ചിരിക്കുന്ന പോലീസുകാരന്റെ രംഗം ഉണ്ടായിരുന്നു.
മൂടുപടം കാരണം ആളുകളെ മാറിപ്പോകുന്ന തരത്തിലുള്ള ക്ലാസിക്കൽ സ്റ്റോറിടെല്ലിംഗ് വില്യം ഷേക്സ്പിയർ, അലക്സാണ്ടർ ഡുമാസ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ നിരവധി എഴുത്തുകാർ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണ്. ലാപതാ ലേഡീസിലും ഇതേ രീതി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അതിൽ പൂർണമായും യഥാർത്ഥവും വ്യത്യസ്തവുമായ കഥാപാത്രങ്ങളും, അവയുടെ പശ്ചാത്തലവും, സാമൂഹിക സ്വാധീനവും ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ സിനിമയുടെ കഥയും സംഭാഷണങ്ങളും കഥാപാത്രങ്ങളും, രംഗങ്ങളും തുടങ്ങി എല്ലാം വർഷങ്ങളുടെ ഗവേഷണത്തിന്റെയും സത്യസന്ധമായ ചിന്തയുടെയും ഫലമാണ്. ഈ സിനിമയ്ക്ക് വേണ്ടി ആഗോള തലത്തിലും ഇന്ത്യയിലും ഉടനീളം നിലനിൽക്കുന്ന ലിംഗ വിവേചനത്തിനെയും അസമത്വത്തിനെയും റൂറൽ പവർ ഡയനാമിക്സിനെയും പുരുഷ മേധാവിത്വത്തിനെയും എല്ലാം ഞാൻ സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിച്ചു. ഞങ്ങളുടെ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും 100% ഒറിജിനൽ ആണ്. കോപ്പിയടി സംബന്ധിച്ച് ഉയരുന്ന എല്ലാ തരത്തിലുമുള്ള ആരോപണങ്ങളും അസത്യമാണ്. ഈ ആരോപണങ്ങൾ ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള എന്റെ പരിശ്രമങ്ങളെ മാത്രമല്ല, ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സിനിമാ പ്രവർത്തകരുടെയും അക്ഷീണ പരിശ്രമങ്ങളെയും കൂടിയാണ് ദുർബലപ്പെടുത്തുന്നത്.
Content Highlights: Laapatha Ladies writer respondes to plagiarism allegations