
അജിത്-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് സിനിമ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുൻചിത്രമായ വിടാമുയർച്ചിക്ക് ബോക്സ് ഓഫീസിൽ തിരിച്ചടി സംഭവിച്ചുവെങ്കിൽ ഇക്കുറി ആ ക്ഷീണം അജിത് തീർത്തു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒപ്പം മലയാളത്തിലെ യുവ നടി പ്രിയാ വാര്യരും സിനിമയിൽ കസറിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രിയയുടെ കഥാപാത്രത്തിന്‍റെ രംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
ഇപ്പോഴിതാ നടൻ അജിത്തിനോടുള്ള സ്‌നേഹവും നന്ദിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രിയ വാര്യർ. ആദ്യമായി സംസാരിച്ചതുമുതൽ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അജിത് തന്ന സ്നേഹവും പരിഗണയും ഒരിക്കലും മറക്കാനാകില്ലെന്നും സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ കണ്ട് അമ്പരന്നുവെന്നും പ്രിയ പറയുന്നു.
സെറ്റിൽ ഉള്ള ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാൻ അജിത് മറക്കാറില്ല, കുടുംബം, കാറുകൾ, യാത്ര, റേസിങ് തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രിയ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട, വിലമതിക്കാനാകാത്ത നിമിഷം ഇതായിരിക്കുമെന്നും അജിത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും പ്രിയ കുറിച്ചു.
SIMRAN (or) PRIYA VARRIER
— Hashtag Cinema 𝕏 (@HashtagCinema_) April 10, 2025
RT for Simran
Like for Priya Varrier #GoodBadUgly pic.twitter.com/sud5ki2Iio
സമൂഹ മാധ്യമങ്ങളിൽ ഉടനീളം ഗുഡ് ബാഡ് അഗ്ലി മികച്ച പ്രതികരണമാണ് നേടുന്നത്. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. ബസൂക്ക, മരണമാസ്സ്, ആലപ്പുഴ ജിംഖാന എന്നീ സിനിമകൾക്കൊപ്പമായിരുന്നു കേരളത്തിൽ അജിത് ചിത്രം പുറത്തിറങ്ങിയത്. എന്നിട്ടും ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും 75 ലക്ഷം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Priya Varrier shares her joy of working with Ajith in Good Bad Ugly