'തലച്ചോറിന് ക്ഷതം വരെയുണ്ടായി'; ബസൂക്ക ഷൂട്ടിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ഹക്കീം ഷാജഹാൻ

'ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢനിശ്ചയമെടുത്ത പോരാട്ടമാണ്'

dot image

മമ്മൂട്ടി നായകനായ പുതിയ ചിത്രം ബസൂക്ക തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഗെയിം ത്രില്ലർ ജോണറിൽ കഥ പറഞ്ഞ സിനിമയിൽ നടൻ ഹക്കീം ഷാജഹാനും ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഗെയിമറായ സണ്ണി എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. ബസൂക്കയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെക്കുറിച്ചും മ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷം ചെയ്തതിന്റെ അനുഭവത്തെക്കുറിച്ചും ഹക്കീം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

'ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അത്ഭുതകരമായ അവസരം ലഭിച്ചു. ഇത് ഞാൻ എപ്പോഴും വിലമതിക്കുന്ന ഒന്നാണ്, ഒരു സ്വപ്ന സാക്ഷാത്കാര നിമിഷം. ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനുവരെ കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ടുപോകുകതന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢനിശ്ചയമെടുത്ത പോരാട്ടമാണ്,' എന്ന് ഹക്കീം കുറിച്ചു.

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: Hakkim Shajahan talks about Bazooka movie

dot image
To advertise here,contact us
dot image