
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ–പാകിസ്താൻ പോരാട്ടത്തിനിടെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ കളിയാക്കാനും വെല്ലുവിളിക്കാനും ശ്രമിച്ചിരുന്നതായി പാക് സ്പിന്നർ അബ്രാർ അഹമ്മദ്. പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് അബ്രാര്‍. ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് ശേഷം വ്യത്യസ്തമായ യാത്രയയപ്പ് നല്‍കിയ അബ്രാറിന്റെ പെരുമാറ്റമാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്.
ഗില്ലിനെ പുറത്താക്കിയെങ്കിലും വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിന് ശേഷം ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. പിന്നീട് വിരാട് തന്‍റെ ചൈല്‍ഡ്ഹുഡ് ഹീറോയാണെന്ന് അബ്രാർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ശുഭ്മൻ ഗില്ലിനെയല്ല മറിച്ച് വിരാട് കോഹ്‌ലിയെയായിരുന്നു താൻ ലക്ഷ്യമിട്ടതെന്ന് തുറന്നുപറയുകയാണ് അബ്രാർ.
'വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയണമെന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. അത് സാധിച്ചു. കോഹ്‌ലിയെ കളിയാക്കാൻ ഞാൻ ശ്രമിച്ചു. പറ്റുമെങ്കില്‍ ഒരു സിക്സടിക്കാൻ പറഞ്ഞ് വെല്ലുവിളിച്ചു. പക്ഷേ ഒരിക്കൽ പോലും അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടില്ല. വിരാട് കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ്. മാത്രമല്ല അദ്ദേഹം നല്ലൊരു മനസിന് ഉടമയുമാണ്. മത്സരശേഷം എന്നോട് നന്നായി ഞാൻ പന്തെറിഞ്ഞു എന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷമായി. ചെറുപ്പം മുതൽ അദ്ദേഹത്തെയാണ് ഐഡൽ ആയി കണ്ടത്. അണ്ടർ 19 ഇൽ കളിച്ചപ്പോൾ ഞാൻ എന്റെ ടീം മേറ്റ്സിനോട് പറയുമായിരുന്നു ഒരു ദിവസം ഞാൻ അദ്ദേഹത്തിന് എതിരെ കളിക്കുമെന്ന്. കോഹ്‌ലിയുടെ ഫിറ്റ്‌നസ് മികച്ചതാണ്. വിക്കറ്റിനിടയിൽ അദ്ദേഹം ഓടുന്ന രീതി ശ്രദ്ധേയമാണ്, അതാണ് അദ്ദേഹത്തെ ഒരു അതുല്യ ക്രിക്കറ്റ് കളിക്കാരനാക്കുന്നത്', അബ്രാർ അഹമ്മദ് പറഞ്ഞു.
Abrar Ahmed - “My childhood dream of bowling to Kohli has come true in Dubai. It was a great challenge and I took the liberty of teasing him, asking him to hit me a six but he never got angry. Kohli is a great batter, we all know that. But he is a great human being too. He said,… pic.twitter.com/jvtgrpHS2I
— Nibraz Ramzan (@nibraz88cricket) March 7, 2025
ചാംപ്യൻസ് ട്രോഫിയിൽ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെയുണ്ടായ വിവാദ സെലിബ്രേഷനെ കുറിച്ചും അബ്രാർ തുറന്നുസംസാരിച്ചു. 'എന്റെ ശൈലി അങ്ങനെയാണ്. അങ്ങനെ ചെയ്തതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് ഒരു ഒഫീഷ്യൽസും എന്നോട് പറഞ്ഞതുമില്ല. പക്ഷേ എന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ അതിൽ ഖേദിക്കുന്നു. ആരെയും വേദനിപ്പിക്കണമെന്ന് ഞാൻ ഉദ്ദേശിച്ചിരുന്നില്ല', അബ്രാർ കൂട്ടിച്ചേർത്തു.
Content Highlights: "Challenged Virat Kohli to hit me", Abrar Ahmed reveals what happened in Champions Trophy 2025