'ദിവ്യ മാർക്സിസ്​റ്റ് പാർട്ടിയുടെ വിദൂഷക, സർവീസ് ചട്ടങ്ങൾ മറന്ന് കെ കെ രാഗേഷിന് വാഴ്ത്ത് പാട്ട് '; വിജിൽ മോഹൻ

'അത്യന്തം ഗൗരവമുള്ള പദവികളിൽ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങൾ ബി -ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുന്നു'

dot image

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ. സർവീസ് ചട്ടങ്ങൾ മറന്ന് കെ കെ രാഗേഷിന് വാഴ്ത്ത് പാട്ട് പാടുകയാണ് ദിവ്യ എസ് അയ്യറെന്ന് വിജിൽ മോഹൻ വിമർശിച്ചു.

'രാഗേഷിനെ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല സിപിഐഎം ജില്ലാ സെക്രട്ടറിയാക്കിതിനാണീ കസർത്തെല്ലാം. "പാടുക നിരന്തരം തരവും ശബ്ദമൊപ്പിച്ച് , കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക"…പിണാറായിക്കാലത്ത് എ കെ ജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓർക്കണം. ഐ എ എസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ഇവർ. ഔദ്യോഗിക കൃത്യ നിർവ്വഹണ രംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാർ ലക്ഷ്യമിടുന്നത് എന്താണ്…? ഭരണചക്രം തിരിയുമ്പോൾ തരം പോലെ കളം മാറ്റി ചവിട്ടാമെന്നാണോ ധരിച്ചിരിക്കുന്നതെന്നും അപ്പോൾ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നതെന്നും' വിജിൽ മോഹൻ ചോദിച്ചു.

'അത്യന്തം ഗൗരവമുള്ള പദവികളിൽ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങൾ ബി -ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്. ദിവ്യ എസ് അയ്യരുടെ സർക്കാർ സ്തുതികളിൽ മുമ്പും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും ,വാസ്തവ വിരുദ്ധവുമായ പലതും മുമ്പും ഇവർ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളുടേതാണെങ്കിലും സർക്കാരുകൾ തുടർച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോൺഗ്രസ് ബോധപൂർവ്വം മൗനം പാലിച്ചിട്ടുണ്ട്. വികസന പ്രവർത്തികളുടെ നാൾ വഴികൾ പോലും പഠിക്കാതെ യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങൾ വേണ്ടിയുള്ള ആശ്ലേശങ്ങൾ ഇവർ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു' വിജിൽ മോഹൻ പറഞ്ഞു.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തത്തിന് പിന്നാലെ ദിവ്യ എസ് അയ്യറിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം എന്ന തുടങ്ങുന്ന ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ താൻ നിരവധി ​ഗുണങ്ങൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തിട്ടുണ്ടെന്ന് ദിവ്യ എസ് അയ്യർ പറയുന്നു. വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാ​ഗേഷെന്നും ദിവ്യ എസ് അയ്യർ കുറിപ്പിൽ പുകഴ്ത്തിയിരുന്നു.

ഇന്ന് രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തു. കെ കെ രാ​ഗേഷ്, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ​ഗോവിന്ദൻ മാസ്റ്റർ, പി വി ​ഗോപിനാഥ്, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, കെ വി സുമേഷ്, സി സത്യപാലൻ, എം കരുണാകരൻ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗങ്ങൾ. 

നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ കെ രാഗേഷ്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എംപിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.

Content Highlights- 'Divya Marxist Party's clown, forgetting service rules, sings praises of KK Ragesh'; Vigil Mohan

dot image
To advertise here,contact us
dot image