
തിരുവനന്തപുരം: വിമർശനങ്ങൾക്കിടെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് മറുപടി നൽകി ദിവ്യ എസ് അയ്യർ. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചിരുന്നത്. ഇതിന് മറുപടിയായി സ്നേഹാദരവ് അർപ്പിക്കുന്നത് ഇന്നും എന്നും പതിവുള്ളതാണെന്നും, അത് പതയല്ല തന്റെ ജീവിതപാതയാണെന്നും ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയ അക്കൗഡിൽ കുറിച്ചു. നേരത്തെ പങ്കു വച്ച ചില പോസ്റ്റുകൾ സഹിതമാണ് പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്.' എന്നാണ് ദിവ്യ എസ് അയ്യര്‍ കുറിച്ചത്.
ദിവ്യ എസ് അയ്യരുടെ പോസ്റ്റിന്റെ പൂർണ്ണരൂപം
മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്.
എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്.
ഇനിയും തുടരും…
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും നിരവധി കാര്യങ്ങൾ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ് അയ്യർ കുറിച്ചിരുന്നു.
പോസ്റ്റിന് പിന്നാലെ വ്യാപകമായി ദിവ്യയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തില്‍ എന്നിവർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. 'പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തിൽപ്പെട്ട മഹതിയാണ് ദിവ്യ എസ് അയ്യർ' എന്നും കെ മുരളീധരൻ പ്രതികരിച്ചിരുന്നു.
കർണ്ണൻ ആരായിരുന്നെങ്കിലും മരണം വരെ ധർമ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ്, കുറ്റം പറയാൻ പറ്റില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പോസ്റ്റ് വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവും ദിവ്യയുടെ ജീവിതപങ്കാളിയുമായ ശബരീനാഥനും രംഗത്തെത്തി. അഭിനന്ദനം സദുദ്ദേശപരമാണെങ്കിലും വീഴ്ച്ചയുണ്ടായി എന്നാണ് ശബരീനാഥൻ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ല. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമർശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ല' എന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം.
Content Highlights: Divya S Iyer responds to K Muraleedharan's Comment