
കൊച്ചി: ഗവ. എൽ. പി സ്കൂൾ വിദ്യാർത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭ എം എ അബൂബക്കർ മെമ്മോറിയൽ ഗവ എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെത്തുടർന്ന് വിദ്യാർത്ഥി കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. രാത്രി അസുഖം ഗുരുതരമായതിനെത്തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയിപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പ് വാഴക്കാല മേരിമാതാ സ്കൂളിലെ യുകെജി വിദ്യാർഥിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. തൃക്കാക്കര നഗരസഭയിൽ വിവിധ വാർഡുകളിൽ മുണ്ടിനീരും മസ്തിഷ്കജ്വരവും കുട്ടികളിൽ വ്യാപകമാവുകയാണ്. മുണ്ടിനീര് വ്യാപകമായതിനെത്തുടർന്ന് 13-ാം വാർഡിലെ അംഗൻവാടികൾ അടച്ചു.
Content Highlight : Another student in Kakkanad tests positive for encephalitis