
കോതമംഗലം: കോതമംഗലത്ത് ആലുവയില്‍ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലെ ബന്ധുക്കളായ രണ്ട് പേര്‍ മുങ്ങിമരിച്ചു. വടാട്ടുപാറ പലവന്‍പുഴയിലാണ് സംഭവം. ആലുവ എടത്തല പേങ്ങാട്ടുശ്ശേരി സ്വദേശി സിദ്ദിഖ്(42), ഇദ്ദേഹത്തിന്റെ സഹോദരി പുത്രന്‍ അബു ഫായിസ് (22) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. പുഴയില്‍ നീന്തുന്നതിനിടെ അബു ഫായിസ് ഒഴുക്കില്‍പ്പെട്ടു. ഫായിസിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സിദ്ദിഖ് മുങ്ങിപ്പോവുകയായിരുന്നു. പുഴയിലും കരയിലുമായി അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തിയവരും ഉള്‍പ്പെടെ നിരവധി പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കി. ഇതോടെ ബന്ധുക്കള്‍ കുട്ടമ്പുഴ പൊലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിക്കുകയായിരുന്നു.
പൊലീസും അഗ്നിശമനസേനയും നടത്തിയ തിരച്ചിലില്‍ അബുവിന്റെയും സിദ്ദിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights- Two relatives drowned to death in kothamangalam