'മക്കളെ ഒറ്റയ്ക്ക് നോക്കാൻ വയ്യ'; യുപിയിൽ കാമുകന് വിവാഹം കഴിച്ച് നല്‍കിയ ഭാര്യയെ തിരികെ കൊണ്ടുപോയി ഭർത്താവ്

ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും അവളെ നോക്കേണ്ടത് തന്റെ കടമയാണെന്നും ഭർത്താവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു

dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നല്‍കിയ സംഭവത്തില്‍ ട്വിസ്റ്റ്. വിവാഹം കഴിച്ച് നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഏഴും രണ്ടും വയസ് പ്രായമുള്ള കുട്ടികളെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയത്. ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും അവളെ നോക്കേണ്ടത് തന്റെ കടമയാണെന്നും ഇയാള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ശാന്ത് നഗറിലായിരുന്നു സംഭവം നടന്നത്. ബബ്‌ലു എന്ന ആളായിരുന്നു ഭാര്യ രാധികയെ കാമുകന് വിവാഹം കഴിച്ചു നല്‍കിയത്. ഭാര്യയ്ക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ബബ്‌ലു വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൊല്ലുന്നതും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൊല്ലുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത് തന്നെ ഭയപ്പെടുത്തി. അതുകൊണ്ട് ഭാര്യയെ കാമുകന് വിവാഹം കഴിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാവ് മുന്‍പ് പറഞ്ഞത്. മാര്‍ച്ച് 25 ന് ബബ്‌ലു മുന്‍കൈയെടുത്ത് വിവാഹം നടത്തി. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായി. ഇതിന് പിന്നാലെയായിരുന്നു ട്വിസ്റ്റ്.

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 28ന് രാത്രി ബബ്‌ലു വികാസിന്റെ വീട്ടിലെത്തി ഭാര്യയെ തിരികെ കൊണ്ടുപോകുകയാണെന്ന് പറയുകയായിരുന്നു. മക്കളെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയുന്നില്ലെന്നും ഭാര്യയെ വിട്ടുനല്‍കണമെന്നും ഇയാള്‍ വികാസിന്റെ കുടുംബത്തോട് പറഞ്ഞു. ഇതോടെ വികാസിന്റെ കുടുംബം രാധികയെ ബബ്‌ലുവിനൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.

കുടുംബം തുടക്കം മുതല്‍ തന്നെ വിവാഹത്തെ അതിര്‍ത്തിരുന്നതായി വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. ബബ്‌ലു കുട്ടികളുമായി വന്നപ്പോള്‍ രാധിക മടങ്ങുന്നത് തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രാധിക തിരിച്ചുപോയി. കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ കഴിയില്ലെന്നും തന്റെ തെറ്റ് മനസിലായെന്നും ബബ്‌ലു പറഞ്ഞതായും വികാസിന്റെ അമ്മ വ്യക്തമാക്കി.

Content Highlights- uttarpradesh man regrets getting wife married to lover brings her back home

dot image
To advertise here,contact us
dot image