എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചെത്തിയ സംഭവം; വിദ്യാർഥികൾ ലഹരി വസ്തുക്കൾ ഷെയറിട്ട് വാങ്ങിയതെന്ന് പൊലീസ്

തൃശൂരിൽ നിന്നുള്ള വിദ്യാലയത്തിൽ നിന്ന് പ്ലസ്ടു വിദ്യാർഥികളായ നൂറോളം പേരാണ് 2 വാഹനങ്ങളിലായി മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയത്

dot image

അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി എക്‌സൈസ് ഓഫീസില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ലഭിച്ചത് തൃശൂരിൽ നിന്നെന്ന് പൊലീസ്. വിനോദസഞ്ചാരത്തിനു പുറപ്പെടുന്നതിനു മുൻപുതന്നെ 10 അംഗ സംഘം ഷെയറിട്ട് ലഹരി വസ്തുക്കൾ വാങ്ങി കൈവശം വയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തൃശൂരിൽ നിന്നുള്ള വിദ്യാലയത്തിൽ നിന്ന് പ്ലസ്ടു വിദ്യാർഥികളായ നൂറോളം പേരാണ് 2 വാഹനങ്ങളിലായി മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരത്തിനുണ്ടായിരുന്നത്. അടിമാലിയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു വേണ്ടി വാഹനങ്ങൾ നിർത്തി. ഇറങ്ങിയവരിൽ 10 അംഗ സംഘമാണ് കഞ്ചാവ് ഉപയോഗിക്കുന്നതിന് തീപ്പെട്ടി ചോദിച്ച് ഹോട്ടലിനു സമീപത്തുള്ള നർകോട്ടിക് എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്തിയത്.

തൃശൂരിൽ നിന്ന് 3 സംഘങ്ങൾ കൈമാറിയാണ് കഞ്ചാവ് ലഭിച്ചതെന്നാണ് കുട്ടികൾ എക്സൈസ് അധികൃതരെ അറിയിച്ചത്. പിടികൂടിയ കുട്ടികളിൽ ചിലർ മുൻപും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്കൂൾ, കോളേജ് വിദ്യാർഥികളിൽ കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോ​ഗം വർധിച്ചു വരുന്നതായി എക്സൈസ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 7 എണ്ണം കൗമാരക്കാരും കോളജ് വിദ്യാർഥികളും കഞ്ചാവ് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണെന്ന് എക്സൈസ് നർകോട്ടിക് എൻഫോഴ്സ്മെന്റ് സിഐ രാഗേഷ് ബി ചിറയത്ത് പറഞ്ഞു.

Content Highlights: The incident of asking for a matchbox at the excise office; Students shared and bought drugs

dot image
To advertise here,contact us
dot image