
ഇടുക്കി: സ്വർണം പണയംവെച്ചു കിട്ടിയ പണം ആഭിചാരക്രിയകൾക്ക് ഉപയോഗിച്ചെന്ന മകൻ്റെ പരാതിയിൽ മാതാവ് അറസ്റ്റിൽ. പഴയചിറയിൽ ബിൻസി ജോസിനെ തങ്കമണി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ 14 പവൻ സ്വർണവും സഹോദരിയുടെ 10 പവനും ഇവരുടെ അനുമതിയില്ലാതെ ലോക്കറിൽനിന്ന് എടുത്ത് മാതാവ് ബിൻസി പണയം വച്ചെന്ന സൈനികനായ മകൻ അഭിജിത്തിൻ്റെ പരാതിയിലാണ് അറസ്റ്റ്.
പണയംവെച്ചുകിട്ടിയ പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് തങ്കമണി സ്റ്റേഷൻ എസ്എച്ച്ഒ എബി പറഞ്ഞു. സമീപവാസികളിൽനിന്ന് പലപ്പോഴായി ഇവർ പണം കടം വാങ്ങിയിരുന്നു. മറ്റുള്ളവരുടെ ആഭരണങ്ങൾ വാങ്ങി പണയം വെയ്ക്കുകയും ചെയ്തു. ആഭിചാരങ്ങളിൽ ഏർപ്പെടുന്നവരുടെ അടുത്ത് സ്ഥിരമായി ബിൻസി പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പണം കൊടുത്തവർ തിരികെ കിട്ടാഞ്ഞതോടെ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെയാണ് കടബാധ്യയെ കുറിച്ച് കുടുംബം അറിയുന്നതെന്നും. ആദ്യഘട്ടത്തിൽ സ്വർണമെടുത്തതായി ബിൻസി വീട്ടുകാരോട് സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഭർത്താവ് ചോദിച്ചപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്. തുടർന്നുണ്ടായ തർക്കത്തത്തിന് പിന്നാലെ ബിൻസി തൻ്റെ വീട്ടിലേക്ക് താമസം മാറുകയും പിന്നീട് ഒളിവിൽപോവുകയുമായിരുന്നു. വണ്ടിപ്പെരിയാറിൽ ആഭിചാരക്രിയ നടത്തുന്ന ഒരാളുടെ അടുത്ത് ഇവർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് ബിൻസിയെ പിടികൂടിയത്. ഇവരുടെ സുഹൃത്ത് അംബികയും അറസ്റ്റിലായിട്ടുണ്ട്.
Content Highlight : Mother arrested on son's complaint that money obtained by pawning gold was used for witchcraft