
ഇടുക്കി: ഇടുക്കി പീരുമേട് പാമ്പനാറിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പാമ്പനാർ സ്വദേശി സൺസലാവോസാണ് മരിച്ചത്. രാവിലെ 9:30 യോടെ ആയിരുന്നു സംഭവം. കുമളി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പാമ്പനാർ ടൗണിന് സമീപമുള്ള കൊടും വളവിലെത്തിയപ്പോൾ എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ ബൈക്ക് യാത്രികൻ റോങ് സൈഡ് കടന്ന് വരുന്നുണ്ടായിരുന്നു.
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കുന്നതിന് വേണ്ടി ബസ് ഡ്രൈവർ റോഡിന്റെ വശത്തേക്ക് വെട്ടിച്ചു മാറ്റുന്നതിനിടയിലാണ് വഴിയിലൂടെ നടന്നുവരികയായിരുന്ന സൺസലാവോസിനെ ബസ് ഇടിച്ചു തെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനും ബസ് ഇടിച്ചു തെറിപ്പിച്ചു. 30 ലധികം യാത്രക്കാരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൺസലാവോസിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി നില ഗുരുതരമായതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.
content highlights : One person died after being hit by a KSRTC bus in Peerumedu, Idukki