കണ്ണൂര്‍: ഇരുപത്തിയഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാലില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ സംഭവിച്ച പിഴവെന്ന് ചൂണ്ടിക്കാട്ടി പെരിങ്ങോം സ്വദേശിയായ ശ്രീജുവാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കുഞ്ഞിന്റെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള സൂചിക്കഷ്ണം കണ്ടെത്തിയത്. ജനിച്ച് രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ട് തവണ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിച്ചെങ്കിലും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്.
അതേസമയം, കുഞ്ഞിന്റെ തുടയുടെ മുന്‍ഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ സാധ്യതയില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇത്രയും നീളമുള്ള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
Content Highlights- family of new born child give complaint to cm against pariyaram medical college